മെഡിക്കല്‍ ഫീസ് ഘടന; സ്വാശ്രയ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മെഡിക്കല്‍ ഫീസ് ഘടനയെ ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. കോടതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ പ്രവേശന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം.
പ്രവേശന മേല്‍നോട്ടസമിതി നിശ്ചയിച്ച ഫീസ് വാങ്ങി പ്രവേശനം നടത്താന്‍ കഴിയില്ലെന്നാണ് മെഡിക്കല്‍ മാനേജുമെന്റുകളുടെ നിലപാട്. നിയമപ്രകാരമുള്ള ഫീസ് നിര്‍ണയ സമിതി അവസാന നിമിഷമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. അതിനാല്‍ തങ്ങളുടെ ഭാഗം കൃത്യമായി കേള്‍ക്കാതെ ധൃതി പിടിച്ചു ഫീസ് നിര്‍ണയിച്ചെന്ന് മാനേജ്മെന്റുകള്‍ ആരോപിക്കുന്നു.
മാനേജുമെന്റുകള്‍ ഹാജരാക്കിയ രേഖകള്‍ സമിതി വിശദമായി പരിശോധിച്ചില്ല. ഇത്തരത്തില്‍ തീരുമാനിച്ച ഫീസ് ഘടന അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മെറിറ്റ് സീറ്റുകള്‍ക്ക് 12 മുതല്‍ 15 ലക്ഷം രൂപ വരെ ഫീസ് നിശ്ചയിക്കണമെന്നാണ് ആവശ്യം. എന്‍ആര്‍എ സീറ്റിന്റെ ഫീസ് മുപ്പത് ലക്ഷമായി ഉയര്‍ത്തണം. അതിനു സാധ്യമല്ലെങ്കില്‍ സുപ്രീംകോടതി കഴിഞ്ഞ തവണ നിശ്ചയിച്ച ഫീസില്‍ പ്രവേശനം നടത്താന്‍ അനുവദിക്കണമെന്നും കേരളാ പ്രൈവറ്റ് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here