അയോധ്യാ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും

അയോധ്യാ തർക്കക്കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുല്ലയുടെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയില്ലെന്ന് കേസിലെ കക്ഷിയായ ഗോപാൽ സിംഗ് വിശാരദ് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന്, കേസ് അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിക്കുകയായിരുന്നു. മധ്യസ്ഥ ചർച്ചക്കുള്ള സമയപരിധി ഓഗസ്റ്റ് പതിനഞ്ചിനാണ് അവസാനിക്കുന്നത്.
കഴിഞ്ഞ മാർച്ച് എട്ടിനാണ് മധ്യസ്ഥ സമിതി രൂപീകരിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. എഫ് എം ഖഫീലുള്ളയെ കൂടാതെ മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു, യോഗാചാര്യൻ ശ്രീ ശ്രീ രവിശങ്കരാണ് സമിതി അംഗങ്ങൾ. അയോധ്യ ഭൂമി തർക്ക വിഷയത്തിൽ മൂന്നംഗ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അയോധ്യയിലെ തർക്ക ഭൂമിയായ 2.77 ഏക്കർ നിർമ്മോഹി അഘാര, സുന്നി വഖഫ് ബോർഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവർക്ക് തുല്യമായി വീതിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് കോടതി സമതിയെ നിയോഗിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here