സഭാതർക്കം; ഒരാഴ്ചയായിട്ടും വൃദ്ധയുടെ മൃതദേഹം സംസ്‌കരിച്ചില്ല; അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കായംകുളത്ത് വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാൻ അടിയന്തര നടപടി വേണമെന്ന് നിർദേശം. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര മനുഷ്യാവകാശ കമ്മീഷനാണ് നിർദേശം നൽകിയത്. സർക്കാർ നടപടി സംബന്ധിച്ച റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടു.
ഓർത്തഡോക്‌സ് സഭാ വിശ്വാസികളുടെ എതിർപ്പുമൂലം കഴിഞ്ഞ ഒരാഴ്ചയായി മൃതദേഹം സംസ്‌കരിക്കാൻ കഴിയാത്ത കായംകുളം പള്ളി പ്രശ്‌നത്തിലാണ് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. മരിച്ച മറിയാമ്മയുടെ മകൻ നൽകിയ പരാതിയിലാണ് നിർദേശം. അതേസമയം പള്ളിയിൽ മൃതദേഹം സംസ്‌കരിക്കുന്നതിന് അനുമതി തേടി സമർപ്പിച്ച ഹർജി യാക്കോബായ വിഭാഗം പിൻവലിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പള്ളിക്കൽ സ്വദേശിയായ മറിയാമ്മ ഫിലിപ്പ് മരിച്ചത്. കായംകുളത്തെ കാദീശാ പള്ളിയിലാണ് ഓർത്തഡോക്‌സ് -യാക്കോബായ വിഭാഗത്തിന്റെ തർക്കത്തെ തുടർന്ന് സംസ്‌കാരം നീളുകയാണ്. മരിച്ച് തൊട്ടടുത്ത ദിവസം സംസ്‌കാരം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. എന്നാൽ, സഭാതർക്കത്തെ തുടർന്ന് മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here