ഇന്നത്തെ പ്രധാനവാർത്തകൾ (10/07/2019)

ജഡേജയുടെ പോരാട്ടം പാഴായി; മാഞ്ചസ്റ്ററിൽ ഇന്ത്യയുടെ കണ്ണുനീർ
ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 18 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 240 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49.3 ഓവറിൽ ഓൾ ഔട്ടായി.
ഡി.കെ ശിവകുമാറിനെ പൊലീസ് വിട്ടയച്ചു; എംഎൽഎമാരെ കാണാതെ മുംബൈയിൽ നിന്ന് മടങ്ങില്ലെന്ന് ഡി.കെ
കർണാടകയിൽ നിന്നുള്ള വിമത എംഎൽഎമാരെ കാണാനെത്തിയതുമായി ബന്ധപ്പെട്ട് മുംബൈയിൽ അറസ്റ്റിലായ കർണാടക മന്ത്രി ഡി.കെ ശിവകുമാറിനെയും മറ്റ് കോൺഗ്രസ് നേതാക്കളെയും പൊലീസ് വിട്ടയച്ചു.
മന്ത്രി ഡികെ ശിവകുമാർ അറസ്റ്റിൽ
കർണാടകയിൽ മന്ത്രി ഡികെ ശിവകുമാർ അറസ്റ്റിൽ. നേരത്തെ എംഎൽഎമാരെ കാണാനെത്തിയ ശിവകുമാറിനെ മുംബൈ പൊലീസ് തടഞ്ഞിരുന്നു.
ഹരിതാ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പണം കൈമാറ്റം നടന്നത് കുമളിയിലെ ഹോട്ടലിൽ വച്ച്. കേസിലെ മുഖ്യ പ്രതികളായ രാജ്കുമാറും ശാലിനിയും കുമളിയിലെ ഹോട്ടലിൽ താമസിച്ചതിന്റെ രേഖകൾ ട്വന്റിഫോറിന്.
കർണാടകയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; രണ്ട് എംഎൽഎമാർ കൂടി രാജിവച്ചു
കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവച്ചു. എംടിബി നാഗരാജ്, കെ സുധാകർ എന്നിവരാണ് നിയമസഭാംഗത്വം രാജിവെച്ചത്. ഇരുവരും രാജിക്കത്ത് സ്പീക്കർക്ക് കൈമാറി.
നാളികേര വികസന ബോർഡിലെ അഴിമതിക്കെതിരെ നടപടിയെടുത്തപ്പോൾ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇത് പറ്റില്ലെന്ന് പറഞ്ഞതാണ് തനിക്ക് പ്രശ്നമായതെന്നും രാജു നാരായണ സ്വാമി.
പോക്സോ കേസുകൾക്ക് മാത്രമായി കോടതി സ്ഥാപിക്കാൻ തീരുമാനമായി
പോക്സോ കേസുകൾക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കും. ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, ബെഞ്ച് ക്ലാർക്ക് ഉൾപ്പെടെ 13 തസ്തികകൾ സൃഷ്ടിക്കും.
കടബാധ്യത; വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു
വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. വയനാട് പുൽപ്പള്ളി മരക്കടവിലാണ് കർഷകൻ ആത്മഹത്യ ചെയ്തത്. ചുളുഗോഡ് എങ്കിട്ടൻ( 55) ആണ് വിഷം കഴിച്ച് മരിച്ചത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്ന് ലക്ഷത്തോളം രൂപ ബാധ്യതയുണ്ട്.
പ്രളയ ധനസഹായം; അപ്പീൽ അപേക്ഷകളിൽ തീർപ്പുണ്ടാക്കുന്നത് വൈകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
പ്രളയ ധനസഹായത്തിനുള്ള അപ്പീൽ അപേക്ഷകളിൽ തീർപ്പുണ്ടാക്കുന്നത് വൈകുമെന്ന് സർക്കാർ ഹൈക്കോടതിയിയെ അറിയിച്ചു. നിലവിൽ 2,60,269 അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്. ഇതിൽ 571 അപേക്ഷകൾ തീർപ്പാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here