ഇടുക്കി ഡാമില്‍ രണ്ടാമത്തെ വൈദ്യുതി നിലയം സ്ഥാപിക്കാന്‍ ആഗോള ടെണ്ടര്‍ വിളിക്കാനുള്ള നടപടികളുമായി വൈദ്യുതി ബോര്‍ഡ്

ഇടുക്കി ഡാമില്‍ രണ്ടാമത്തെ വൈദ്യുതി നിലയം സ്ഥാപിക്കാന്‍ ആഗോളടെണ്ടര്‍ വിളിക്കാനുള്ള നടപടികളുമായി വൈദ്യുതി ബോര്‍ഡ്. സാധ്യതാ പഠനത്തില്‍ പുതിയ നിലയം ഗുണകരമാകുമെന്നും വൈദ്യുതി പ്രതിസന്ധി കുറയ്ക്കുമെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇതിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും.
സംസ്ഥാനത്ത് പുതിയതായി ജലവൈദ്യുത പദ്ധതികള്‍ തുടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇടുക്കി ഡാമില്‍ തന്നെ രണ്ടാമത്തെ വൈദ്യുതി നിലയമെന്ന പദ്ധതി വൈദ്യുതി ബോര്‍ഡ് ആലോചിച്ചത്. സാധ്യതകളുണ്ടെങ്കിലും പരിസ്ഥിതിവാദികളുടെ പ്രതിഷേധം കാരണം പുതിയ ഡാമുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഉപയോഗവും ഉല്‍പ്പാദനവും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകുകയും ചെയ്യുന്നു.
രണ്ടാമത്തെ നിലയത്തിനായി വൈദ്യുതി ബോര്‍ഡ് സാധ്യതാ പഠനം നടത്തിയിരുന്നു. പകല്‍ സമയത്ത് സോളാര്‍, ചെറുകിട ജലവൈദ്യുത പദ്ധതികള്‍, പുറത്തുനിന്നും ലാഭകരമായി വാങ്ങുന്ന വൈദ്യുതി എന്നിവ ഉപയോഗിച്ച് പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാന്‍ കഴിയും. ഇടുക്കി ഡാമില്‍ പകല്‍ വെള്ളം ശേഖരിക്കാനും പീക്ക് സമയമായ രാത്രിയില്‍ ഇടുക്കിയിലെ രണ്ടു ഉല്‍പ്പാദന നിലയങ്ങളും ഉപയോഗിച്ച് 1200 മെഗാവാട്ടില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാൻ കഴിയുമെന്നാണ് സാധ്യതാ പഠനത്തില്‍ കണ്ടെത്തിയത്. പദ്ധതി ലാഭകരമായിരിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു.
കഴിഞ്ഞ വര്‍ഷമുണ്ടായതുപോലെ കൂടുതല്‍ വെള്ളം ഡാമില്‍ എത്തിയാല്‍ വെറുതെ തുറന്നുവിടാതെ വൈദ്യുതിയാക്കി മാറ്റാന്‍ കഴിയും. നിലവില്‍ 700 മെഗാവാട്ട് ശേഷിയുള്ളതാണ് ഇടുക്കി ഉല്‍പ്പദാന നിലയം. പുതിയതായി തുടങ്ങാന്‍ പദ്ധതിയിടുന്ന നിലയവും 700 മെഗാവാട്ടിന്റേതാണ്. ഇതില്‍ നിന്നും 70 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here