Advertisement

ഇന്ന് മലാല ദിനം

July 12, 2019
Google News 1 minute Read

ഇന്ന് മലാല ദിനം. സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയുടെ ജന്മദിനമാണ് മലാല ദിനമായി ആചരിക്കുന്നത്. മലാലയുടെ ആത്മകഥ വായിച്ച് പ്രചോദനം ഉള്‍ക്കൊണ്ട് അശരണരരായ കുട്ടികള്‍ക്കായി സ്‌കൂള്‍ നിര്‍മിക്കാനിറങ്ങിയ അലിയാന റെംപല്‍ എന്ന പന്ത്രണ്ട് വയസുകാരിയെ നമുക്ക് പരിചയപ്പെടാം.

ഒരു കുട്ടി, ഒരു അധ്യാപിക, ഒരു പുസ്തകം, ഒപ്പമൊരു പേന ഇവയ്ക്ക് ഈ ലോകത്തെത്തന്നെ മാറ്റിമറിക്കാന്‍ സാധിക്കും എന്ന നോബല്‍ ജേതാവ് മലാല യൂസഫ്‌സായിയുടെ വാക്കുകളാണ് അലിയാന റെംപല്‍ എന്ന പന്ത്രണ്ട് വയസുകാരിയുടെ ഉള്ളില്‍ മാറ്റത്തിന്റെ വിത്തുകള്‍ വിതച്ചത്.

എട്ടാം വയസിലാണ് അലിയാന റെംപല്‍, മലാല യൂസഫ്‌സായിയുടെ ആത്മകഥയായ ‘ഐ ആം മലാല’ വായിക്കുന്നത്. ആ വായന, അലിയാനയ്‌ക്കൊപ്പം ഒരു നാടിന്റെയും തലവര മാറ്റി. മലാലയുടെ എഴുത്തില്‍ പ്രചോദിതയായ അലിയാന ആദ്യം തീരുമാനിച്ചത് തന്നാലാവുന്ന പണം സ്വരൂപിച്ച് മലാല ഫണ്ടിലേയ്ക്ക് അയയ്ക്കാനായിരുന്നു. ഇക്കാര്യം അവള്‍ അമ്മയോട് പറഞ്ഞു. കുഞ്ഞു അലിയാനയ്ക്ക് അതിന് സാധിക്കുമോ എന്ന് അമ്മ സംശയിച്ചെങ്കിലും അവളുടെ നല്ല മനസിനൊപ്പം നില്‍ക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. അങ്ങിനെയാണ് ‘ബാറ്റില്‍ ദി ബാഡ് വിത്ത് ബ്യൂട്ടി’ എന്ന സംഘടനയ്ക്ക് തുടക്കമായത്. തുടര്‍ന്നങ്ങോട്ട് അലിയാനയുടെ ആഗ്രഹങ്ങള്‍ പടര്‍ന്നുപന്തലിക്കാന്‍ തുടങ്ങി. കാനഡയിലെ വിന്നിപെഗില്‍ കുട്ടികള്‍ക്കായുള്ള അഭയ മന്ദിരവും ആശുപത്രിയുമായിരുന്നു ആദ്യ ലക്ഷ്യം. പാടിയും പടം വരച്ചും നൃത്തം ചെയ്തും പണം സമ്പാദിച്ച് അവള്‍ അതിലേയ്ക്കുള്ള യാത്ര തുടങ്ങി. അതൊന്നും മതിയാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് അലിയാന പുസ്തക രചനയിലേയ്ക്ക് തിരിഞ്ഞത്. അങ്ങനെ പത്താം വയസില്‍ അലിയാന തന്റെ ആദ്യ പുസ്തകമായ ‘വണ്‍’ പ്രസിദ്ധീകരിച്ചു. പുസ്തകത്തിലെ വരയും എഴുത്തുമെല്ലാം അവളുടെതന്നെ.

അസ്മിയ എന്ന പെണ്‍കുട്ടിയാണ് വണ്ണിലെ കേന്ദ്ര കഥാപാത്രം. യുദ്ധം ബാക്കിയാക്കിയ മുറിപ്പാടുകള്‍ പേറിനടക്കുന്ന ഒരു നാട്ടിലെ കുട്ടിയാണ് അസ്മിയ. അവള്‍ പഠിക്കുന്ന സ്‌കൂള്‍ ഭീകരവാദികള്‍ അടച്ചുപൂട്ടുന്നതോടെ വിദ്യഭ്യാസം എന്ന സ്വപ്‌നം എന്നന്നേയ്ക്കുമായി അവള്‍ക്ക് നഷ്ടമാകുന്നു. ഇനി എങ്ങനെ പഠിക്കുമെന്ന് ആലോചിച്ച് വിഷമിച്ചുനില്‍ക്കുന്ന അവളുടെ മുന്നിലേയ്ക്ക് പ്രതീക്ഷയുടെ വെളിച്ചവുമായി ചിലര്‍ കടന്നുവരുന്നു. ഇതാണ് ‘വണ്‍’ പറയുന്ന കഥ.

പുസ്തകം വായിച്ച മലാലയുടെ ആദ്യ പ്രതികരണം ഇങ്ങിനെയായിരുന്നു. ‘വണ്‍ എന്ന പുസ്തകം എല്ലാ കുട്ടികളും വായിക്കണം. അത്രയേറെ പ്രചോദനാത്മകമാണ് ഈ പുസ്തകം. വിദ്യാഭ്യാസത്തിന്റെ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് ലോകത്തെ മാറ്റിയെടുക്കാന്‍ അലിയാനയ്ക്ക് ഈ രചനയിലൂടെ സാധിക്കുന്നുണ്ട്’

നിക്കരാഗ്വയിലെ കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ എന്നതാണ് അലിയാനയുടെ അടുത്ത സ്വപ്നം. ഇതിനകം അഞ്ചര ലക്ഷത്തോളം രൂപ ഈ കൊച്ചുമിടുക്കി ഇതിനായി സ്വരൂപിച്ച് കഴിഞ്ഞു. ഈ മലാല ദിനത്തെ സേവനസദ്ധരായ മുന്നോട്ടുവരുന്ന കൊച്ചുകുട്ടികള്‍ക്കായി നമ്മുക്ക് മാറ്റിവെയ്ക്കാം. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ ഒരുപാട് കുട്ടികള്‍ അവരുടെ കുടുക്ക പൊട്ടിച്ച് സഹജീവികളോടുള്ള കരുണ കാണിച്ചതും നമ്മുക്ക് ഈ ദിനത്തില്‍ സ്മരിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here