എഐഎസ്എഫ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എഐഎസ്എഫ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് സെക്രട്ടേറിയറ്റിനകത്ത് കയറാൻ ശ്രമിച്ചു. ഇതിനിടെ പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരിലൊരാളുടെ തലപൊട്ടി ചോരയൊലിക്കുന്ന അവസ്ഥയുണ്ടായി.
എസ്എഫ്‌ഐക്കെതിരേയും പൊലീസിനെതിരേയും എഐഎസ്എഫ് പ്രവർത്തകർ ആഞ്ഞടിച്ചു. പ്രിൻസിപ്പലിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് എഐഎസ്എഫ് പ്രവർത്തകർ പറഞ്ഞു. എസ്എഫ്‌ഐ സംരക്ഷിക്കുന്നത് ആഭ്യന്തര വകുപ്പാണ്. എസ്എഫ്‌ഐയുടെ ഏക സംഘടനാ വാദം അംഗീകരിക്കാൻ സാധിക്കില്ല. യൂണിവേഴ്‌സിറ്റി കോളേജിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രശ്‌നമായി ഇതിനെ കാണാനാകില്ല. പാട്ടുപാടിയതിന്റെ പേരിലാണ് യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിൽ പ്രശ്‌നങ്ങളുണ്ടായത്. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി അഖിലിനെ അതിധാരുണമായാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു വിഭാഗം അധ്യാപകരുടേയും പ്രിൻസിപ്പലിന്റേയും ഒത്താശ എസ്എഫ്‌ഐക്കുണ്ട്. പ്രിൻസിപ്പലിനെതിരെ കേസെടുക്കണമെന്നും എഐഎസ്എഫ് പറഞ്ഞു. അതിനിടെ കോളേജിൽ യൂണിറ്റ് തുടങ്ങിയതായും എഐഎസ്എഫ് പ്രവർത്തകർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here