കോട്ടയം – നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ അനുവദിച്ചു

കോട്ടയം – നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ചു കൊണ്ട് ദക്ഷിണ റെയില്‍വേ ഉത്തരവായി. ഈ മാസം 22ന് ഇത് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പി. വണ്ടൂരില്‍ വിളിച്ച് ചേര്‍ത്ത റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അവര്‍ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഇത്. ഇതോടെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഭാഗികമായെങ്കിലും പരിഹരിക്കപ്പെടുന്നത്.
12 കോച്ചുകളുണ്ടായിരുന്ന ഈ ട്രെയിന്‍ ഇനി മുതല്‍ ഒരു ജനറല്‍ കോച്ചും ഒരു നോണ്‍ എ.സി. ചെയര്‍ കാറും കൂട്ടി 14 കോച്ചുകളായിട്ടാകും സര്‍വീസ് നടത്തുക. എക്‌സ്പ്രസ് ട്രെയിന്‍ എന്ന് പേരുണ്ടെങ്കിലും റിസേര്‍വഷന്‍ കോച്ചുകള്‍ ഇല്ലാത്തത് മുന്‍കൂട്ടി റിസര്‍വ് ചെയ്ത് യാത്ര ഉറപ്പിക്കാനും വിനോദസഞ്ചാരികള്‍ക്കും എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ ട്രെയിനിന് റിസര്‍വേഷന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ട നടപടികള്‍ക്ക് ശ്രമിക്കുമെന്നും എം.പി. അറിയിച്ചു.
ട്രെയിനിന് അധിക കോച്ചുകള്‍ വേണമെന്ന് മെയ് അഞ്ചിന് ചേര്‍ന്ന യോഗത്തില്‍ പ്രിയങ്ക ഗാന്ധി ആവശ്യമുന്നയിക്കുകയും ഉന്നതതലത്തില്‍ ഇതിനായി ഇടപെടല്‍ നടത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. യാത്രക്കാര്‍ അധികമായി ആശ്രയിക്കുന്ന ട്രെയിനില്‍ ഒരു എ.സി. കോച്ചും ഒരു ചെയര്‍ കാറും കൂടി അധികമായി അനുവദിച്ചാല്‍ മാത്രമേ യാത്രക്കാര്‍ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യത്തിന് പരിഹാരമാവുകയുള്ളു.
Story Highlights : Two additional coaches allocated for Kottayam-Nilambur train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here