99% വിലക്കിഴിവിൽ ഫ്‌ളിപ്കാർട്ടിൽ സെയിൽ ? പ്രചരിക്കുന്ന ലിങ്കിൽ ഒളിഞ്ഞിരിക്കുന്നത് വൻ ചതി [24 Fact Check]

കഴിഞ്ഞ ദിവസങ്ങളിലായി നമുക്കെല്ലാവർക്കും വന്ന ഒരു ഫോർവേഡ് മെസ്സേജ് ഉണ്ട്. 99 ശതമാനം വിലക്കിഴിവോടെ പ്രമുഖ ഓൺലൈൻ വ്യാപാര വെബ്‌സൈറ്റായ ഫ്‌ളിപ്കാർട്ടിൽ സെയിൽ നടക്കുന്നു എന്നത്. അതിനൊപ്പം ഒരു ലിങ്കും നൽകിയിട്ടുണ്ട്. സന്ദേശം കണ്ട് മൊബൈലിൽ നേരത്തെ ഇൻസ്‌റ്റോൾ ചെയ്തിട്ടുള്ള ഫ്‌ളിപ്കാർട്ട് ആപ്ലിക്കേഷനിലൂടെ വെബ്‌സൈറ്റ് സന്ദർശിച്ചവർക്ക് ഓഫറൊന്നും കാണാൻ കഴിയാതെ ലഭിച്ചത് നിരാശ മാത്രമാണ്. എന്നാൽ മെസ്സേജിൽ കൊടുത്ത ലിങ്കിലൂടെ വെബ്‌സൈറ്റിലെത്തിയ ഉപഭോക്താക്കൾക്ക് 99% വിലക്കിഴിവോടെ നടക്കുന്ന സെയിൽ കണ്ട് സന്തോഷമായിട്ടുണ്ടാകാം ! പക്ഷേ ഈ ലിങ്കിൽ ഒളിച്ചിരുന്ന ചതി എത്രപേരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ?
യഥാർത്ഥത്തിൽ ഫ്‌ളിപ്കാർട്ടിൽ അത്തരത്തിലൊരു സയിൽ നടക്കുന്നില്ല. ഒറ്റനോട്ടത്തിൽ ഫ്‌ളിപ്കാർട്ടിന്റേതെന്ന് തോന്നിക്കുന്ന വ്യാജ വെബ്‌സൈറ്റാണ് ഇത്.
കളർ തീം അടക്കം ‘അടിച്ചു മാറ്റി’ രൂപം നൽകിയിരിക്കുന്ന ഈ വെബ്‌സൈറ്റിന്റെ യുആർഎൽ ശ്രദ്ധിച്ചാൽ ഇതിലെ ചതി ആദ്യഘട്ടത്തിൽ തന്നെ മനസ്സിലാക്കാം. http://flipkart.hikhop.com എന്നാണ് വ്യാജ വെബ്‌സൈറ്റ് അഡ്രസ്. www.flipkart.com എന്നാണ് ശരിയായ ഫ്‌ളിപ്കാർട്ടിന്റെ വെബ്‌സൈറ്റ് യുആർഎൽ.
ഇതിലെ ചതി ഇങ്ങനെ
മറ്റ് ഓൺലൈൻ വ്യാപാര വെബ്‌സൈറ്റുകൾ പോലെ തന്നെ ഇവിടെയും മികച്ച ഓഫറോടെ നിരവധി സാധനങ്ങൾ വിൽപ്പനയ്ക്കായി വെച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട വസ്തുക്കൾ വാങ്ങാനായി കാർട്ടിൽ ഇട്ട്, ഒടുവിൽ ചെക്ക് ഔട്ട് ഓപ്ഷനിലേക്ക് കടക്കുന്നതോടെയാണ് ‘പണി’ തുടങ്ങുന്നത്.
പേര്, വീട് നമ്പർ, സംസ്ഥാനം തുടങ്ങിയ വിവരങ്ങൾ നൽകാൻ പറഞ്ഞ് ഒരു പേജ് വരും. യഥാർത്ഥ വെബ്‌സൈറ്റാണെങ്കിൽ ഈ ഭാഗം പൂരിപ്പിക്കാതെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ സാധിക്കുകയില്ല. എന്നാൽ ഇവിടെ ഇത് പൂരിപ്പിക്കാതെ തന്നെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുവാൻ സാധിക്കും.
പിന്നീട് ഓർഡർ കൺഫേം ചെയ്യാനുള്ള പേജ് വരും. ഇതിൽ ‘കൺഫേം’ ഓപ്ഷൻ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ‘ഇൻവൈറ്റ് ഫ്രണ്ട്‌സ്’ എന്ന ചെറു വിൻഡോ തുറന്നുവരും. അതിൽ കാണിച്ചിരിക്കുന്ന ബാറിന്റെ നിറം പൂർണ്ണമായും നീലയാകുന്നത് വരെ ഇൻവൈറ്റ് ബട്ടൺ അമർത്തിക്കൊണ്ടേയിരിക്കണം.
ഈ കടമ്പ പൂർത്തിയാക്കി കഴിഞ്ഞാൽ വ്യാജ ഓർഡർ നമ്പറടങ്ങുന്ന ഓർഡർ വിവരങ്ങൾ പ്രത്യക്ഷപ്പെടും.
ഇവിടെ സാധാരണഗതിയിൽ ‘കൺഫേം’ അല്ലെങ്കിൽ ‘ഓക്കെ/അഗ്രീ’ എന്ന ബട്ടനാണ് വരേണ്ടതെങ്കിൽ ഈ വ്യാജ വെബ്‌സൈറ്റിൽ ‘ഡൗൺലോഡ് ആപ്ലിക്കേഷൻ’ എന്ന ബട്ടനാണ് വരിക. അവിടെ അമർത്തിയാൽ നിങ്ങൾ പോകുന്നത് ഗൂഗിളിന്റെ പ്ലേ സ്റ്റോറിലേക്കാണ്…!
വൺ ആഡ് എന്ന ആപ്ലിക്കേഷൻ ഇവിടെ കാണും. ഈ ആപ്ലിക്കേഷൻ ഡൗൺലോടാക്കിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് ചുരുക്കം ! ആപ്ലിക്കേഷൻ ഡൗൺലോഡിന്റെ എണ്ണം കൂട്ടാനുള്ള വഴി മാത്രമാണ് ഈ വ്യാജ വെബ്‌സൈറ്റ്.
എങ്ങനെ വ്യാജനെ തിരിച്ചറിയാം ?
1. യുആർഎൽ ശ്രദ്ധിക്കുക
ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് യുആർഎൽ ശ്രദ്ധിച്ച് വായിച്ച് അത് നാം സന്ദർശിക്കാനുദ്ദേശിക്കുന്ന വെബ്‌സൈറ്റിന്റെ തന്നെയാണെന്ന് ഉറപ്പ് വരുത്തുക
2. ശേഷം വരുന്ന കമാൻഡുകൾ ശ്രദ്ധിക്കുക
ഫ്‌ളിപ്കാർട്ട്, ആമസോൺ പോലുള്ള വെബ്‌സൈറ്റുകൾ ഒരക്കലും അനാവശ്യ ഡൗൺലോഡുകൾക്ക് നമ്മെ നിർബന്ധിക്കില്ല.
3. മറ്റ് ഡൗൺലോഡുകൾ
മറ്റ് ആപ്പുകൾ ഡൗൺലോഡ് ചെയ്താലെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ സാധിക്കൂ എന്നാണെങ്കിൽ അത് വ്യാജനായിരിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here