തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിഒടി നസീര്‍

തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിഒടി നസീര്‍ കോടതിയിലേക്ക്. കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ജില്ലാ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് നസീര്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

കേസില്‍ പൊലീസ് അന്വേഷണം നിലച്ചെന്ന് ആരോപിച്ചാണ് ആക്രമണത്തിന് ഇരയായ സിഒടി നസീര്‍ കോടതിയെ സമീപിക്കുന്നത്. തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന് ഗൂഢാലോചനയില്‍ പങ്കുള്ളതായി മൊഴി നല്‍കിയിട്ടും അദ്ദേഹത്തിന്റെ മൊഴി പോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഷംസീറിന്റെ വിശ്വസ്ഥനായ എന്‍കെ രാഗേഷിന്റെ അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് നസീറിന്റെ ആരോപണം. കേസിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് അന്വേഷണത്തെ ബാധിച്ചതായും നസീര്‍. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കും.

ഷംസീര്‍ ഉപയോഗിക്കുന്ന ഇന്നോവ കാറിലാണ് ഗൂഢാലോചന നടത്തിയതെന്ന് അറസ്റ്റിലായ പ്രതി പൊട്ടിയന്‍ സന്തോഷ് മൊഴി നല്‍കിയിട്ടും വാഹനം കസ്റ്റഡിയിലെടുത്തിട്ടില്ല. കാറിന്റെ ഉടമയായ എഎന്‍ ഷംസീര്‍ എംഎല്‍യുടെ സഹോദരന്‍ എഎന്‍ ഷാഹിറിന്റെ മൊഴിയും പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. നിയമസഭാ സമ്മേളനത്തിന് ശേഷം ഷംസീറിന്റെ മൊഴി രേഖപ്പെടുത്തുമെന്നായിരുന്നു നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നത്. അതിനിടയിലാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top