മദ്യക്കുപ്പികളും കത്തിയും എസ്എഫ്‌ഐ സംസ്‌കാരമല്ലെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്

മദ്യക്കുപ്പികളും കത്തിയും എസ്എഫ്‌ഐ സംസ്‌ക്കാരമല്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഓഫീസിൽ നിന്ന് കത്തികളും മദ്യക്കുപ്പികളും കണ്ടെത്തിയതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി.
Read Also; യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഓഫീസിൽ കത്തികളും മദ്യക്കുപ്പികളും
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഉടൻ തന്നെ പുതിയ യൂണിറ്റ് രൂപീകരിക്കുമെന്നും സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും യൂണിറ്റ് കമ്മിറ്റിയെന്നും സച്ചിൻ ദേവ് വ്യക്തമാക്കി.എസ് എഫ് ഐയുടെ നിലപാടുകൾക്കും മൂല്യങ്ങൾക്കും അനുസരിച്ച് യൂണിറ്റ് കമ്മിറ്റിക്ക് ഉയരാൻ കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് യൂണിറ്റ് പിരിച്ചുവിട്ടതെന്ന് സച്ചിൻ ദേവ് പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥികൾ ഇടിമുറിയെന്ന് വിളിക്കുന്ന യൂണിറ്റ് ഓഫീസിൽ നിന്ന് കത്തികളും മദ്യക്കുപ്പികളും ഇരുമ്പ് കമ്പികളും ഇന്ന് കണ്ടെടുത്തിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരും നേതാക്കളും തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതികളായവരെ സംഘടനയിൽ നിന്നും പിരിച്ചുവിടാനും എസ്എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് നടപടി.
ഇന്നലെയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ എസ്എഫ്‌ഐ പ്രവർത്തകൻ അഖിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ കുത്തിയത് എസ്എഫ്‌ഐ നേതാവ് ശിവരഞ്ജിത്താണെന്ന് അഖിൽ ഡോക്ടർക്ക് മൊഴി നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here