നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഇത്തവണത്തെ ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം നാളെ പുറപ്പെടും

ഹജ്ജ് തീര്‍ത്ഥാടകരുമായി നെടുമ്പാശ്ശേരിയില്‍ നിന്നും ഇത്തവണത്തെ ആദ്യ എയര്‍ ഇന്ത്യ വിമാനം നാളെ പുറപ്പെടാനിരിക്കെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി സംസ്ഥാന ഹജ്ജ് കമ്മിറ്റി.
2750 ഓളം പേരാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ഇത്തവണ യാത്ര പുറപ്പെടുക. സംസ്ഥാനത്ത് നിന്നും സര്‍ക്കാര്‍ ക്വാട്ടയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീര്‍ഥാടക സംഘമാണ് ഈ വര്‍ഷം യാത്രയാകുന്നത്. അതേ സമയം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.
സംസ്ഥാനത്ത് നിന്നും ഹജ്ജ് തീര്‍ഥാടകര്‍ക്കായുള്ള നെടുമ്പാശേരിയിലെയും കരിപ്പൂരിലെയും കേന്ദ്രങ്ങളില്‍ സര്‍ക്കാരിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍പ് 12000 ത്തോളം പേര്‍ക്ക് ഒരുക്കിയിരുന്ന സൗകര്യത്തിന് സമാനമായ സൗകര്യങ്ങളാണ് സിയാല്‍ നെടുമ്പാശ്ശേരിയില്‍ ഒരുക്കിയത്. 340 പേര്‍ വീതമുള്ള രണ്ട് വിമാനങ്ങളിലായാണ് ആദ്യ സംഘം യാത്രതിരിക്കുക.
ആദ്യ വിമാനത്തില്‍ പുറപ്പെടുന്ന തീര്‍ഥാടകര്‍ക്ക് ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണി മുതലും രണ്ടാമത്തെ വിമാനത്തില്‍ പുറപ്പെടുന്ന തീര്‍ഥാടകര്‍ക്ക് മൂന്ന് മണി മുതലുമാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലിന്റെ അറൈവല്‍ ഭാഗത്ത്
പില്ലര്‍ നമ്പര്‍ 11 മുതല്‍ 13 വരെയുള്ള ഭാഗത്താണ് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ സജ്ജീകരിച്ചിട്ടുള്ളത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തീര്‍ഥാടകരുടെ ലഗേജുകളും ഈ കൗണ്ടറില്‍ സൂക്ഷിക്കും. ശേഷം തീര്‍ഥാടകരെ പ്രത്യേകം വാഹനത്തില്‍ ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിന് സമീപമുള്ള സിയാല്‍ അക്കാദമിയില്‍ എത്തിക്കും.
നാളെ ഉച്ചയ്ക്ക് 2 മണിക്കാണ് തീര്‍ത്ഥാടകരുമായി ആദ്യ എയര്‍ ഇന്ത്യ വിമാനം പുറപ്പെടുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here