യൂണിവേഴ്‌സിറ്റി കോളേജ് അക്രമം: കുറ്റക്കാരെ സസ്‌പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പൽ

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷത്തിൽ കുറ്റക്കാരായവരെ സസ്‌പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പൽ. ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തിൽ പ്രിൻസിപ്പലിനെതിരേയും ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതിരണം. ഇന്നലെയാണ് കോളേജിൽ സംഘർഷമുണ്ടായതും മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിന് കുത്തേൽക്കുകയും ചെയ്തത്.
അഖിലിനെ കുത്തിപ്പരുക്കേൽപ്പിച്ചത് എസ്എഫ്‌ഐ പ്രവർത്തകനായ ശിവരഞ്ജിത്താണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ പ്രതികളെ ഇതു വരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കുത്തേറ്റ അഖിലിന്റെ മൊഴി എടുത്ത ശേഷം ഒളിവിലുള്ള പ്രതികളെ പിടികൂടുമെന്നാണ് കന്റോൺമെന്റ് പൊലീസിന്റെ വാദം.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അഖിലിന്റെ മൊഴി എടുത്ത ശേഷം പ്രതികളെ പിടികൂടാമെന്നാണ് പൊലീസ് നിലപാട്. സിപിഐഎം ജില്ലാ നേതൃത്വം ഇടപെട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ നീക്കം നടക്കുന്നതായാണ് സൂചന. എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ നസീം, ശിവരഞ്ജിത്ത്, ഇബ്രാഹീം, അദ്വൈത്, ആരോമൽ, അമൽ, ആദിൽ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇവരെ ഭാരവാഹിത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here