ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ മക്കയിൽ എത്തിത്തുടങ്ങി

ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ മക്കയിൽ എത്തിത്തുടങ്ങി. മദീനയിൽ നിന്നെത്തിയ ആദ്യ സംഘത്തെ ഇന്ത്യൻ ഹജ്ജ് മിഷൻ പ്രതിനിധികളും പൊതുപ്രവർത്തകരും ചേർന്നു സ്വീകരിച്ചു. റോഡ് മാർഗമാണ് തീർത്ഥാടകർ മദീനയിൽ നിന്നും മക്കയിലേക്ക് നീങ്ങുന്നത്. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങൾ ഇപ്പോൾ മദീനയിലേക്കാണ് സർവീസ് നടത്തികൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാലാം തിയ്യതി മദീനയിൽ എത്തിയ ആദ്യ സംഘം മദീനാ സന്ദർശനം പൂർത്തിയാക്കി ഇന്നലെ മക്കയിൽ എത്തി.
Read Also; ഹജ്ജ് തീർത്ഥാടകർക്ക് ഇത്തവണ സ്മാർട്ട് കാർഡുകൾ നൽകുമെന്ന് സൗദി
ആദ്യ സംഘത്തെ മക്കയിൽ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ്, ഹജ്ജ് കോൺസുൽ സാബിർ യുംകൈബാൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ പ്രതിനിധികളും ഹജ്ജ് സർവീസ് ഏജൻസി പ്രതിനിധികളും ചേർന്നു സ്വീകരിച്ചു. വനിതകൾ ഉൾപ്പെടെ മലയാളി സന്നദ്ധ സംഘടനാ പ്രവർത്തകരും ഹാജിമാരെ സ്വീകരിക്കാൻ എത്തിയിരുന്നു. മക്കയിലെ അസീസിയയിലാണ് ഈ തീർഥാടകർ താമസിക്കുന്നത്.
മക്കയിലെത്തിയ തീർത്ഥാടകർ പലരും ഹറം പള്ളിയിൽ പോയി ഉംറ നിർവഹിച്ചു. ഹറം പള്ളിയിലേക്ക് പോയി വരാൻ അഞ്ച് നേരവും അസീസിയയിൽ നിന്ന് ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുമെന്ന് കോൺസുൽ ജനറൽ ട്വന്റിഫോറിനോട് പറഞ്ഞു.മദീനയിൽ നിന്നും ദിനംപ്രതി രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമാണ് ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ മക്കയിലേക്ക് പുറപ്പെടുന്നത്. ഹജ്ജ് സർവീസ് ഏജൻസി ഏർപ്പെടുത്തിയ ബസുകളിലാണ് ഇവർ നാനൂറ്റി അമ്പതോളം കിലോമീറ്റർ യാത്ര ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here