യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റി ചരിത്ര മ്യൂസിയമാക്കണമെന്ന് കെ മുരളീധരൻ

യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റി ചരിത്ര മ്യൂസിയമാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ കെ മുരളീധരൻ. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ അവിടേക്ക് മാറ്റണം. അല്ലാത്ത പക്ഷം ഇതിന് പരിഹാരം ഉണ്ടാകില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജ് സംഭവം നടക്കാൻ പാടില്ലാത്തതതാണ്. അത് അംഗീകരിക്കാൻ കഴിയില്ല. 1980 മുതൽ തന്നെ യൂണിവേഴ്‌സിറ്റി കോളേജിന്റെ പ്രവർത്തനം താളം തെറ്റിയിരുന്നു. അവിടെ നടക്കുന്നത് വിദ്യാഭ്യാസമല്ല. ക്രിമിനലുകളെ ഉണ്ടാക്കുന്ന കോളേജ് ആയി അവിടം മാറി. എസ്എഫ്‌ഐയിലെ സമാധാന പ്രേമികൾക്ക് പോലും അവിടെ നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അസഹിഷ്ണുതയുടെ പര്യായമാണ് എസ്എഫ്‌ഐയെന്നും കെ മുരളീധരൻ പറഞ്ഞു.
വേറെ ആരെയും കുത്താൻ കിട്ടാത്തതിനാൽ സ്വന്തം പ്രസ്ഥാനത്തിൽ പെട്ടവരെ പോലും എസ്എഫ്‌ഐ ആക്രമിക്കുകയാണ്. പ്രിൻസിപ്പലിനും അധ്യാപകർക്കും ജീവനിൽ ഭയം ഉണ്ടാകും. സ്പീക്കർ പോലും വിഷയത്തിൽ പ്രതികരിച്ചു. സാംസ്‌കാരിക നായകന്മാർക്ക് ഒന്നും പറയാനില്ലെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി കോൺഗസിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പത്രസമ്മേളനം നടത്തി. ചില ഡാഷ് പ്രയോഗങ്ങൾ അദ്ദേഹം ഉപയോഗിച്ചു. ഗോവയെ കുറിച്ചും കർണാടകയും കുറച്ചുമാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി ലോകസഭയിൽ വന്നു നോക്കണം. തോറ്റ ഇലക്ഷനിൽ ജയിച്ചു എന്ന് പറയുന്ന പിണറായിയുടെ ശൈലി രാഹുൽ ഗാന്ധിക്കില്ല. ഉപദേശങ്ങൾ നിർത്തി സ്വന്തം പാർട്ടി നന്നാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here