യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങളിൽ പ്രതികളായവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്. ഇതിന്റെ നിയമസാധുത തേടാനാണ് പൊലീസിന്റെ തീരുമാനം. കേസിൽ പ്രതികളായ ആറ് പേർക്ക് വേണ്ടിയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുക. പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുന്നത് സംബന്ധിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതിന്റെ നിയമവശങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
സംഭവം നടന്ന് രണ്ട് ദിവസം കഴിയുമ്പോഴും പ്രതികളായ എസ്എഫ്‌ഐ പ്രവർത്തകർ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളുണ്ടെന്ന് സംശയിക്കുന്ന പിഎംജി സെന്ററിലും ഹോസ്റ്റലുകളിലും പൊലീസിന് ഇതുവരെ റെയ്ഡ് നടത്താൻ സാധിച്ചിട്ടില്ല. റെയ്ഡിനെത്തിയ പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലം മടങ്ങിപ്പോയതായാണ് വിവരം.
അതേസമയം, കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് പിടിയിലായി. എസ്എഫ്‌ഐ പ്രവർത്തകനായ നേമം സ്വദേശി ഇജാബ് ആണ് പിടിയിലായത്. കേസിൽ പ്രതി ചേർക്കപ്പെട്ട കണ്ടാലറിയാവുന്ന 30 പേരിലൊരാളാണ് ഇജാബ്. അതിനിടെ സംഘർഷത്തിലെ ഒന്നും രണ്ടും പ്രതികൾ പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത് സംബന്ധിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷിക്കുക. കേസിലെ ഒന്നാം പ്രതിയും അഖിലിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ശിവരഞ്ജിത്തിന് പിഎസ്‌സി റാങ്ക് പട്ടികയിൽ ഒന്നാം റാങ്കും രണ്ടാം പ്രതി നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്. കൂടുതൽ എസ്എഫ്‌ഐക്കാർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യവും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here