സാജന്റെ കുടുംബത്തെ വേട്ടയാടാനുള്ള ശ്രമം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

പ്രവാസി വ്യവസായി സാജൻ പാറയിലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സിപിഐഎം ഇപ്പോൾ യഥാർത്ഥ പ്രതികളെ രക്ഷിക്കാനായി സാജന്റെ കുടുംബത്തെ വേട്ടയാടാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന്റെ ഈ നീക്കം അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തെ തേജോവധം ചെയ്യാനായി മനുഷ്യത്വ ഹീനമായ അപവാദ പ്രചാരണവുമായി സിപിഐഎം ഇറങ്ങിത്തിരിച്ചിരിക്കുന്നത് ക്രൂരമാണ്. മനുഷ്യമുഖം നഷ്ടപ്പെട്ട പാർട്ടിയായി സിപിഐഎം മാറിയെന്നതിന്റെ മറ്റൊരു തെളിവാണിത്.
തുടക്കം മുതൽ തന്നെ ഈ കേസ് അട്ടിമറിക്കാനും വഴി തിരിച്ചു വിടാനുമാണ് പൊലീസും സിപിഐഎമ്മും ശ്രമിച്ചത്.
നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ വ്യക്തമായ പരാതി ഉയർന്നിട്ടും പൊലീസ് ആ വഴിയ്ക്കല്ല അന്വേഷിച്ചത്. സാജന്റെ ആത്മഹത്യക്ക് വഴി വച്ച കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമായവയാണ്. ഇതോടെ മുഖം നഷ്ടപ്പെട്ട സിപിഐഎം ആ കുടുംബത്തെ വേട്ടയാടി നശിപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. സാജന്റെ കുടുംബത്തെ അപവാദത്തിൽ മുക്കാൻ സിപിഐഎം നടത്തുന്ന ശ്രമം സിപിഐഎമ്മിന് തന്നെ വലിയ തിരിച്ചടിയായി മാറും. ഈ ഹീനശ്രമത്തിൽ നിന്ന് സിപിഐഎം പിന്തിരിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സിപിഐഎം പല രീതിയിൽ ദ്രോഹിക്കുന്നുവെന്നും കുടുംബത്തിനെതിരെ പാർട്ടി അപവാദ പ്രചാരണം നടത്തുകയാണെന്നും ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദേശാഭിമാനി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. കുട്ടികൾക്കെതിരെ പോലും വ്യാജപ്രചരണങ്ങൾ നടത്തുകയാണ്. ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മക്കളുമായി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്നും സാജന്റെ ഭാര്യ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here