സാജന്റെ ആത്മഹത്യയെപ്പറ്റി സിബിഐ അന്വേഷിക്കണം; കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെപ്പറ്റി സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സാജന്റെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. അന്വേഷണ സംഘം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കാണിച്ചാണ് സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.
മകളുടെ മൊഴിയെന്ന തരത്തിൽ തന്നെയും ഡ്രൈവറെയും ചേർത്ത് അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ്. മകൾ അത്തരത്തിൽ മൊഴി നൽകിയിട്ടില്ല. നഗരസഭാ അധികൃതരെ രക്ഷിക്കാൻ വേണ്ടി അന്വേഷണ സംഘം കേസിന്റെ ഗതി മാറ്റുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും കിട്ടിയ വിവരങ്ങളെന്ന രീതിയിലാണ് പ്രചാരണമെന്നും കുടുംബം മാനസികമായി തകർന്നിരിക്കുകയാണെന്നും ബീന പരാതിയിൽ പറയുന്നു.
Read Also; സാജന്റെ കുടുംബത്തെ വേട്ടയാടാനുള്ള ശ്രമം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല
തെറ്റായ വാർത്തകൾ നൽകുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. തെറ്റായ വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയണമെന്നും പരാതിയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here