കായംകുളം ബസ് സ്റ്റാന്‍ഡിന്റെ കരട് മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട മിനിറ്റ്സ് ആവശ്യപ്പെട്ട് യുഡിഎഫ് ഉപരോധം

കായംകുളം നഗരസഭയുടെ വിവാദ ബസ് സ്റ്റാന്‍ഡിന്റെ കരട് മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട മിന്റ്റ്സ് ആവശ്യപ്പെട്ട് യുഡിഎഫ് ഉപരോധം. കായംകുളം നഗരസഭാ സെക്രട്ടറി എസ്എല്‍ സജിയെയാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഏഴുമണിക്കൂര്‍ ഉപരോധിച്ചത്. നീണ്ട ഉപരോധത്തിന് ഒടുവില്‍ പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്ററ് ചെയ്തു നീക്കി.
കഴിഞ്ഞ 10-ാം തീയതി നഗരസഭാ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത കരട് മാസ്റ്റര്‍ പ്ലാനില്‍ സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് കണ്ടെത്തിയ ഭൂമിയില്‍ 1 ഏക്കര്‍ 13 സെന്റ് സ്ഥലം കൊമേഴ്സ്യല്‍ സോണാക്കി മാറ്റിയിരുന്നു. എല്‍മെക്സ് ബിസിനസ് ഗ്രൂപ്പ് വകയാണ് സ്ഥലം. ഈ കൗണ്‍സില്‍ തീരുമാനത്തിന്റെ മിനിറ്റ്സ് ആണ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടത്. മിനിറ്റ്സ് ആവശ്യപ്പെട്ടാല്‍ 4 ദിവസത്തിനകം നല്‍കണമെന്ന ചട്ടം ഉണ്ടെന്നിരിക്കെ അഞ്ച് ദിവസം പിന്നിട്ടിട്ടും സെക്രട്ടറി നല്‍കാഞ്ഞതാണ് പ്രതിഷേധത്തിനു കാരണമായത്. കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയുടെ മുറിയില്‍ കുത്തിയിരുന്ന് മുദ്രാവാക്യമുയര്‍ത്തി.
മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊലീസ് എത്തിയത്. തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിക്കാന്‍ കൗണ്‍സിലര്‍മാര്‍ തയ്യാറാവാതെ വന്നതോടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here