ബിഹാറിലും അസമിലും പ്രളയം, ഉത്തരേന്ത്യയിൽ കനത്ത മഴ; മരണം നൂറ് കവിഞ്ഞു

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയത്തിലും കനത്ത മഴയിലും മരണം 100 കവിഞ്ഞു. ബിഹാറിൽ അറുപത്തിയേഴും അസമിൽ ഇരുപത്തിയേഴ് പേരും മരിച്ചു. വെള്ളം കയറിയതിനെ തുടർന്ന് ദുബ്രി ജില്ലാ ജയിലിൽ നിന്ന് തടവുകാരെ മാറ്റിപ്പാർപ്പിച്ചു. കാസിരംഗ ദേശീയ പാർക്കിൽ 5 കണ്ടാമൃഗം അടക്കം 51 മ്യഗങ്ങൾ ചത്തു.
ബിഹാറിലേയും അസമിലേയും ചില താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. ബിഹാറിൽ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. മിസോറാം, മേഘാലയ അരുണാചൽ പ്രദേശ് എന്നിവടങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ ഒറ്റപ്പെട്ടു.പ്രളയ ബാധിത പ്രദേശങ്ങളിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു.
ബ്രഹ്മപുത്ര നദിയിൽ അപകടകരമാംവിധം ജലം ഉയർന്നതാണ് അസമിലിലെ ദുരിതം ഇരട്ടിയ്ക്കാൻ കാരണം. 33 ജില്ലകളിലായി 4620 ഗ്രാമങ്ങളിൽ ദുരിതം തുടരുകയാണ്. 226 ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചു. പലയിടത്തും ഉൾകൊള്ളാവുന്നതിലും അധികമാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുന്നവരുടെ എണ്ണം.
പലയിടങ്ങളിലും ഗതാഗത സംവിധാനങ്ങൾ താറുമായത് പരിഹരിക്കാനാൻ ഇതുവരെ സാധിച്ചിട്ടില്ല. ബിഹാറിലെ 16 ജില്ലകളിലും ദുരിതം തുടരുകയാണ്. നേപ്പാളിലെ കനത്ത മഴയാണ് ബിഹാറിലെ ദുരിതം ഇരട്ടിയാക്കിയത്. ഹിമാലയൻ താഴ്‌വരയിൽ മഴ തുടരുകയാണ്. കിഴക്കൻ ചമ്പാരൻ, മധുബനി, കിഷ് ഗഞ്ച് എന്നീ ജില്ലകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. നാളെയോടെ മഴയ്ക്ക് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here