ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത പൊലീസിനോട് തട്ടിക്കയറി യുവതി; വീഡിയോ

ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറി യുവതി. ഡൽഹിയിലെ മായാപുരിയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മധ്യവയസ്‌കനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. ഹെൽമറ്റ് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞതാണ് യുവതിയെ പ്രകോപിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ യുവതി അടിയ്ക്കുന്നതും പിടിച്ച് തള്ളുന്നതും വീഡിയോയിലുണ്ട്. വാഹനം ഓടിച്ച് പോകാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ താക്കോൽ ഊരിയെടുത്തു. ഇത് യുവതിയെ കൂടുതൽ പ്രകോപിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥന് നേരെ തട്ടിക്കയറിയ യുവതി താക്കോൽ പിടിച്ചുവാങ്ങി. കൈയിൽ ഇരുന്ന ഫോൺ ഉപയോഗിച്ച് പൊലീസിന്റെ കൈക്ക് അടിയ്ക്കുന്നതും വീഡിയോയിലുണ്ട്.
സഹോദരൻ മരിച്ചെന്നും ഉടൻ അവിടെ എത്തേണ്ടതുണ്ടെന്നും യുവതി വിളിച്ചു പറയുന്നുണ്ട്. തങ്ങളെ പോകാൻ അനുവദിക്കണമെന്നും അവർ പറയുന്നു. സംഭവത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. യുവതിയും കൂടെയുണ്ടായിരുന്ന മധ്യവയസ്‌കനും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയിൽ യുവതിക്കും മധ്യവയസ്‌കനുമെതിരെ കേസെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here