അഖിലിനെ എസ്എഫ്‌ഐ അഡ്‌ഹോക് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് കേസ് അട്ടിമറിക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിനിടെ കുത്തേറ്റ അഖിലിനെ പുതിയ എസ്എഫ്‌ഐ അഡ്‌ഹോക് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് കേസ് അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഖിലിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നിലവിലെ പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പരീക്ഷ നടത്താൻ പിഎസ്‌സി തയ്യാറാകണം. കെ.ടി ജലീൽ എന്ന നാണം കെട്ട മന്ത്രി വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്ക് കൂട്ടുനിൽക്കുകയാണ്. എസ്എഫ്‌ഐയുടെ ശവദാഹം നടത്താനാകില്ലെന്ന് പറയുന്ന കെ.ടി ജലീൽ വിദ്യാർത്ഥികളുടെ ശവദാഹം നടത്താം എന്നാണോ പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.
Read Also; കുത്തേറ്റ അഖിലിനെ ഉൾപ്പെടുത്തി യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ എസ്എഫ്‌ഐ കമ്മിറ്റി
എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പിരിച്ചു വിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്ക് പകരമായി പുതിയ അഡ്ഹോക് കമ്മിറ്റി ഇന്നലെ രൂപീകരിച്ചിരുന്നു. എസ്എഫ്ഐ ജില്ലാകമ്മിറ്റി യോഗമാണ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമായ എ.ആർ റിയാസാണ് കമ്മിറ്റി ചെയർമാൻ.
കോളേജിലെ സംഘർഷത്തിനിടെ എസ്എഫ്ഐ നേതാക്കളുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെയും യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ മർദനമേറ്റ ഉമറിനെയും പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഖിലിനെ കുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമായ യൂണിറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം എസ്എഫ്ഐ ജില്ലാകമ്മിറ്റി പിരിച്ചുവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here