രവി ശാസ്ത്രി മുഖ്യ പരിശീലകനായി തുടരുമെന്ന് ബിസിസിഐ അംഗം; ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട്

ലോകകപ്പ് സെമിഫൈനൽ തോൽവിയുടെ പശ്ചാത്തലത്തിലും രവി ശാസ്ത്രി ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി തുടരുമെന്ന് എൻഡിടിവിയുടെ റിപ്പോർട്ട്. ഒരു ബിസിസിഐ അംഗത്തെ ഉദ്ധരിച്ചാണ് എൻഡിടിവി ഇത് റിപ്പോർട്ട് ചെയ്തത്. ശാസ്ത്രിയുടെ പരിശീലന രീതികൾ ക്യാപ്റ്റൻ വിരാട് കോലി അടക്കമുള്ള ചില ടീം അംഗങ്ങൾക്ക് ഇഷ്ടപ്പെട്ടുവെന്നും അതുകൊണ്ട് തന്നെ ശാസ്ത്രി തുടരുമെന്നുമാണ് റിപ്പോർട്ട്.
“രവി ശാസ്ത്രി ടീമിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. ടെസ്റ്റിൽ ഇന്ത്യൻ ഒന്നാം നമ്പർ ടീമായി. പിന്നീട് ഇംഗ്ലണ്ട് മറികടന്നെങ്കിലും ഏകദിനത്തിലും ആദ്യ സ്ഥാനത്തെത്തി. ഒരു മോശം മാച്ചിൻ്റെ പേരിൽ അദ്ദേഹം മോശം കോച്ചാവില്ല. അദ്ദേഹം വീണ്ടും അപേക്ഷിച്ചാൽ പരിഗണിക്കുക തന്നെ ചെയ്യും.”- ബിസിസിഐ അംഗത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ശാസ്ത്രിക്കൊപ്പം ബൗളിംഗ് കോച്ച് ഭാരത് അരുണും ജോലിക്കു വേണ്ടി വീണ്ടും അപേക്ഷിച്ചിട്ടുണ്ട്. കപിൽ ദേവ് നയിക്കുന്ന ക്രിക്കറ്റ് അഡ്‌വൈസറി കമ്മറ്റിയാണ് മുഖ്യ പരിശീലകനെ തിരഞ്ഞെടുക്കുക. പിന്നീട് സെലക്ടർമാരുമായി കൂടിയാലോചിച്ച് മറ്റു പരിശീലകരെ തിരഞ്ഞെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here