ആനക്കൊമ്പ് കേസ്; മോഹൻലാലിനെതിരെ ഹർജിക്കാരൻ കേസ് നൽകിയത് ‘പബ്ലിസിറ്റിക്ക്’ വേണ്ടിയെന്ന് വനവകുപ്പ്

ആനക്കൊമ്പ് കേസിൽ മോഹൻലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയിൽ. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹൻലാലിന്റെ വാദം ശരിയാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്നും വനം വകുപ്പ് ഹൈക്കോടതിയിൽ വ്യക്തമാക്കി.

നാലു ആനക്കൊമ്പുകളുടെ ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ എ പൗലോസ് നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്. മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വെക്കരുതെന്ന വന്യജീവി സംരക്ഷണ നിയമത്തിലെ 39 (3) വകുപ്പ് പ്രകാരം മോഹന്‍ലാലിന് ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കണമെന്നും ആനക്കൊമ്പ് സര്‍ക്കാറിലേക്ക് മുതല്‍കൂട്ടണമെന്നുമാണ് ഹര്‍ജിയിലെ പ്രധാനപ്പെട്ട ആവശ്യങ്ങൾ. ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ സര്‍ക്കാറിന്റെ വിശദീകരണം തേടിയിരുന്നു.

2012 ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന്റെ വസതിയില്‍ നിന്നും ആനക്കൊമ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് വന്യജീവി സംരക്ഷണ നിയമത്തിലെയും മറ്റും വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഈ കേസില്‍ മതിയായ അന്വേഷണം നടത്താതിരുന്ന വനം വകുപ്പ് 2016 ജനുവരി 16ന് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി മോഹന്‍ലാലിന് നല്‍കിയെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. എന്നാൽ ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹൻലാലിന്റെ വാദം ശരിയാണെന്നാണ് വനം വകുപ്പിന്റെ നിലപാട്. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും വനം വകുപ്പ് ഹൈക്കോടതിയിൽ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More