‘ധോണി ചെയ്തതാണ് ധോണിയോടും ചെയ്യേണ്ടത്’; പുതു തലമുറയെ വളർത്തിക്കൊണ്ടു വരണമെന്ന് ഗൗതം ഗംഭീർ

ധോണിയെ ഇനി ഇന്ത്യൻ ടീമിൽ പരിഗണിക്കുന്നത് ഇന്ത്യയുടെ ഭാവി ടീമിൻ്റെ സന്തുലിതാവസ്ഥ നശിപ്പിക്കുമെന്ന് ഗൗതം ഗംഭീർ. 2023 ലോകകപ്പിലേകുള്ള ടീമാണ് ഇനി രൂപപ്പെടുത്തിയെടുക്കേണ്ടതെന്നും യുവ വിക്കറ്റ് കീപ്പർമാർക്ക് അവസരം നൽകണമെന്നും ഗംഭീർ പറഞ്ഞു. ടിവി 9 ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഗംഭീർ മനസ്സു തുറന്നത്.
2011 കോമൺവെൽത്ത് പരമ്പരയിൽ സച്ചിൻ, സെവാഗ്, ഗംഭീർ തുടങ്ങിയ കളിക്കാരെ ടീമിൽ ഒരുമിച്ച് കളിക്കാൻ അനുവദിക്കാതിരുന്ന ധോണി ഭാവിയിലേക്കുള്ള ടീമിനെ രൂപപ്പെടുത്തുകയാണെന്നാണ് വിശദീകരിച്ചത്. അടുത്ത ലോകകപ്പിലേക്ക് ടീമിനെ തയ്യാറാക്കണമെന്നും അതു കൊണ്ട് മൂവരും ഒരുമിച്ച് കളിക്കരുതെന്നുമായിരുന്നു ധോണിയുടെ പക്ഷം. പക്ഷേ, ആദ്യത്തെ ചില മത്സര ഫലങ്ങൾ പ്രതികൂലമായതോടെ മൂവരെയും ഒരുമിച്ച് കളിപ്പിക്കാൻ ധോണി തയ്യാറാവുകയായിരുന്നു.
“ഭാവിയിലേക്ക് നിക്ഷേപിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ധോണി അത് ചെയ്തിരുന്നു. സച്ചിനെയും സെവാഗിനെയും ഒരുമിച്ച് കളിപ്പിക്കാനാവില്ല. കാരണം, അവിടെ ഗ്രൗണ്ടുകൾ വലുതാണെ’ന്ന് ഓസ്ട്രേലിയയിൽ വെച്ച് ധോണി എന്നോട് പറഞ്ഞത് എനിക്കോർമയുണ്ട്. അടുത്ത ലോകകപ്പിൽ യുവ താരങ്ങൾ കളിക്കണമെന്നായിരുന്നു ധോണിയുടെ നയം. വൈകാരികമായി ചിന്തിക്കുകയല്ല വേണ്ടതെന്നും പ്രായോഗികമായ സമീപനമാണ് വേണ്ടതെന്നും ധോണി പറഞ്ഞു.”- ഗംഭീർ വിശദീകരിച്ചു.
ധോണിക്ക് പകരം, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷൻ കിഷൻ തുടങ്ങിയ യുവ കീപ്പർമാർക്ക് അവസരം നൽകണമെന്നും ഗംഭീർ പറഞ്ഞു. ഒന്നര വർഷത്തോളം ഒരാൾക്ക് അവസരം നൽകുക. എന്നിട്ടും വളർച്ച കാണിക്കുന്നില്ലെങ്കിൽ അടുത്തയാളെ പരീക്ഷിക്കുക. അടുത്ത ലോകകപ്പിലേക്കുള്ള വിക്കറ്റ് കീപ്പറെ അങ്ങനെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും ഗംഭീർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here