ബ്ലാസ്റ്റേഴ്സിനെ ‘ചൊറിഞ്ഞ്’ കമന്റിട്ട ബെംഗളുരു ആരാധകന് കുഞ്ചാക്കോ ബോബൻ നൽകിയ റിപ്ലേ വൈറൽ

ഐഎസ്എൽ ഒഫീഷ്യൽ പേജിൽ നടൻ കുഞ്ചാക്കോ ബോബൻ നൽകിയ ഒരു കമൻ്റ് വൈറലാവുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ കളിയാക്കി ഒരു ബെംഗളുരു എഫ്സി ആരാധകനിട്ട കമൻ്റിനുള്ള ചാക്കോച്ചൻ്റെ റിപ്ലേ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ട്രാൻസ്ഫർ മാർക്കറ്റിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുകയും മികച്ച താരങ്ങളെ ടീമിൽ എത്തിക്കുകയും ചെയ്ത ബ്ലാസ്റ്റേഴ്സിൻ്റെ നടപടിയെ നിങ്ങൾ എങ്ങനെ കാണുന്നു എന്ന ചോദ്യത്തോടെയായിരുന്നു ഐഎസ്എലിൻ്റെ ചോദ്യം. തങ്ങളുടെ അഭിപ്രായങ്ങൾ വിശദീകരിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർ കമൻ്റ് ഇടുന്നതിനിടെ ഒരു ബെംഗളുരു ആരാധകൻ പരിഹാസവുമായി രംഗത്തെത്തി.
‘മെസ്സി, നെയ്മർ, മൊ സല, വാൻ ഡൈക്ക്, ഗ്രീസ്മൻ, ഗാരെത് ബെയിൽ എന്നിവരൊക്കെ വന്നാലേ ബെംഗളുരുവിനെ ബ്ലാസ്റ്റേഴ്സിനു തോൽപിക്കാൻ കഴിയൂ’ എന്നായിരുന്നു കമൻ്റ്. കമൻ്റിന് ബ്ലാസ്റ്റേഴ്സ് ആരാധകർ റിപ്ലേ നൽകുന്നതിനിടെ ചാക്കോച്ചനും റിപ്ലേ കമൻ്റുമായി രംഗത്തെത്തി. ‘ആദ്യം നിങ്ങളും നിങ്ങളുടെ ആരാധകക്കൂട്ടവും മറ്റുള്ള ആരാധകരോട് നന്നായി പെരുമാറാൻ പഠിക്കണം. ബാംഗ്ലൂരിൽ നിന്നുള്ള ഏറ്റവും മോശം ഫാൻ ക്ലബ്’- ഇതായിരുന്നു ചാക്കോച്ചൻ്റെ മറുപടി.
ഇത് ക്ഷണനേരം കൊണ്ട് വൈറലായി. പെട്ടെന്ന് തന്നെ കുഞ്ചാക്കോ ബോബൻ കമൻ്റ് ഡിലീറ്റ് ചെയ്തെങ്കിലും ആരാധകർ ഇതിൻ്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here