സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ

സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകാണ്. നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ 3 മത്സ്യത്തൊഴിലാളികളെ കാണാതിയി. വിഴിഞ്ഞത്ത് നിന്നും ഇന്നലെ കാണാതായ നാല് പേര്‍ക്ക് വേണ്ടി തിരിച്ചില്‍ തുടരുകയാണ്. ജലനിരപ്പുയര്‍ന്നതോടെ കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. 23വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ കനത്തതോടെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. കൊല്ലം നീണ്ട കരയില്‍ 50 മീറ്ററോളം കടല്‍ കരയിലേക്ക് കയറി. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ പുനരധിവാസം ആവശ്യപ്പെട്ട് തീരദ്ദേശ നിവാസികള്‍ റോഡ് ഉപരോധിച്ചു. നീണ്ട കരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വളളം മറിഞ്ഞ് 3 മത്സ്യ തൊഴിലാളികളെ കാണാതായിട്ടുണ്ട്. രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്നലെ വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികളെപ്പറ്റി ഇനിയും വിവരം ലഭിച്ചിട്ടില്ല. തിരിച്ചലിന് നാവിക സേനയുടെ സഹായം തേടി. ചെല്ലാനം, പൊന്നാനി, ആലപ്പാട് തുടങ്ങിയ തീരമേഖലകളിലും കടല്‍ക്ഷോഭം രൂക്ഷമാണ്.
ഇടുക്കിയില്‍ മഴ ശക്തമായതോടെ കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. പെരിയാറിന്റേയും, തൊടുപുഴയാറിന്റേയും തീരത്തുളളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശബരിമല തീര്‍ഥാടകര്‍ ദുരിതത്തിലായി. അഴുതയില്‍ വെള്ളം പൊങ്ങി മൂഴിക്കല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി.
കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിഞ്ഞും, മരങ്ങള്‍ കടപുഴകി വീണും ഗതാഗതം തടസ്സപ്പെട്ടു. ഈ മാസം 23 വരെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here