Advertisement

രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലക്ക് രാജിവച്ചു, ഞങ്ങളുമായി ചർച്ച നടത്തിയിട്ടില്ല; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ

3 hours ago
1 minute Read

യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കാൻ ചർച്ചകൾ നടക്കുന്നു എന്ന് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്. ചർച്ചകൾക്ക് ശേഷം തീരുമാനം എടുക്കും. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിയാലോചനകൾ നടത്താതെയാണ് രാഹുൽ രാജിവെച്ചത്. ചർച്ച ഒന്ന് രണ്ട് ദിവസം കൂടി നീണ്ടേക്കും. ആരോപണം വന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലക്ക് രാജിവച്ചു.

ഞങ്ങളുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഉദയ് ബാനു ചിബ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് നേതാക്കന്മാരുമായി കൂടിയാലോചനകൾ നടക്കുകയാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ചെറിയ കാര്യമല്ല. പെട്ടെന്ന് തീരുമാനമെടുക്കാൻ പറ്റില്ല. സമയമെടുത്ത് യൂത്ത് കോൺഗ്രസിനും കേരളത്തിനും നല്ലതായ ഒരു തീരുമാനമെടുക്കുമെന്നും ഉദയ് ബാനു ചിബ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളിൽ എന്നാണ് റിപ്പോർട്ട്. കേരളത്തിൻ്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രാവൺ റാവു കേരളത്തിലെ നേതാക്കളെ നേരിട്ട് കണ്ടു. നിലവിൽ പരിഗണനയിൽ ഉള്ളത് നാലു പേരുകളാണ്.

കെ.എം അഭിജിത്ത്, അബിൻ വർക്കി, ബിനു ചുള്ളിയിൽ, ഒ.ജെ ജനീഷ് എന്നിവർ പരിഗണനയിൽ. പ്രതിപക്ഷ നേതാവ് രണ്ടു പേരുകൾ നിർദ്ദേശിച്ചു. കെ.പി.സി.സി അധ്യക്ഷന് മൂന്നു പേരുകൾ നിർദേശിച്ചു. ഒറ്റ പേര് മാത്രം രമേശ് ചെന്നിത്തല നിർദ്ദേശിച്ചു. പ്രഖ്യാപനം ഈ മാസം പത്തിന് മുൻപ് നടത്തിയേക്കും.അധ്യക്ഷ സ്ഥാനം പിടിക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്.

അസ്വാരസ്യങ്ങള്‍ ഇല്ലാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന കരുത്തുറ്റ നേതൃത്വം വേണമെന്നാണ് പൊതുവികാരം. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പില്‍ രാഹുലിനോട് പരാജയപ്പെട്ടെങ്കിലും ഏറ്റവും അധികം വോട്ടുകള്‍ നേടിയ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ അധ്യക്ഷന്‍ ആക്കണമെന്ന ആവശ്യം ശക്തമാണ്.

സാമുദായിക സമവാക്യം എന്ന മാനദണ്ഡം മുന്നോട്ട് വച്ച് അബിനെ ഒഴിവാക്കിയാല്‍ അതൃപ്തികള്‍ പരസ്യമായേക്കും. കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും അധ്യക്ഷ സ്ഥാനത്ത് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാണ്.

കെഎസ്‌യുവിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് ആണ് പരിഗണന പട്ടികയില്‍ മുന്‍പന്തിയിലുള്ള മറ്റൊരാള്‍. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പരിഗണിച്ചിരുന്ന പേരാണ് അഭിജിത്തിന്റേത്.

നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പേരുകളില്‍ ഒന്നായിരുന്നു ബിനു ചുള്ളിയിലിന്റേത്. ദേശീയ പുനസംഘടനയില്‍ ജനറല്‍ സെക്രട്ടറിയാണ് നിലവിലെ നിയമനം. കെസി വേണുഗോപാലുമായുള്ള അടുപ്പം അധ്യക്ഷസ്ഥാനത്തേക്ക് എത്താന്‍ സഹായകരമാകും എന്നാണ് ബിനു ക്യാമ്പിന്റെ ആത്മ വിശ്വാസം.

Story Highlights : youth congress national president about new president kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top