പത്തനംതിട്ടയിൽ റെഡ് അലേർട്ട്; പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു; നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം

പത്തനംതിട്ടയിൽ കനത്ത മഴ. ശക്തമായ മഴയ്ക്ക് സാധഅയതയുള്ളതിനാൽ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി പെയ്ത മഴയിൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു. അഴുതയിൽ മുഴിക്കൽ ചപ്പാത്ത് മുങ്ങി. നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുവാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തുണ്ടാകാൻ സാധ്യതയുടെ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 18 മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
ഈ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവർ എന്ന് ജിഎസ്‌ഐ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതാത് വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണെന്ന് നിർദേശത്തിൽ പറയുന്നു.
ജൂലൈ 18 ന് ഇടുക്കി, ജൂലൈ 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, ജൂലൈ 21ന് കണ്ണൂർ എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ (RED ALERT) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here