Advertisement

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

July 20, 2019
Google News 0 minutes Read

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും കാസര്‍ഗോഡ് റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം, നീണ്ടകര എന്നിവടങ്ങളില്‍ നിന്ന് കാണാതായ ഏഴ് മത്സ്യതൊഴിലാളികള്‍ക്കായി കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ തുടരുകയാണ്. വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികള്‍ തുറ മുടക്കി തിരച്ചിലിനിറങ്ങും.

തിരുവനന്തപുരവും പാലക്കാടും ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍ഗോഡ് റെഡ് അലേര്‍ട്ടിന് പുറമെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കി. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. കാലവര്‍ഷക്കെടുതിക്ക് പുറമെ സംസ്ഥാനത്തെ തീരമേഖലകളില്‍ കടലാക്രമണവും രൂക്ഷമായി.

അതേ സമയം വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യതൊഴിലാളികളെയും നീണ്ടകരയില്‍ നിന്ന് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെയും ഇതുവരെ കണ്ടെത്താനായില്ല. ഇവരുമായുള്ള ഫോണ്‍ ബന്ധം നഷ്ട്ടപ്പെട്ടതായി കോസ്റ്റല്‍ പൊലീസ് അറിയിച്ചു. വിഴിഞ്ഞത്ത് നിന്ന് കാണാതായവരെ കണ്ടെത്താന്‍ കഴിയാത്തതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നേവിയുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് കളക്ടര്‍. വിഴിഞ്ഞത്ത് ഇന്ന് മത്സ്യതൊഴിലാളികള്‍ തുറ മുടക്കി ഇവര്‍ക്കായുള്ള തിരച്ചിലിനറങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here