യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സമരം ശക്തമാക്കാനൊരുങ്ങി കെഎസ്‌യു

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സമരം ശക്തമാക്കാനൊരുങ്ങി കെഎസ്‌യു. മന്ത്രിമാരെയും സർവകലാശാല, പിഎസ്‌സി അധികൃതരെയും വഴിയിൽ തടയുന്നത് അടക്കമുള്ള പ്രതിഷേധങ്ങൾക്കാണ് പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ ആസൂത്രണം ചെയ്യുന്നത്. കെഎസ്‌യു സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കും.
നാടകീയവും അപ്രതീക്ഷിതവുമായ പ്രതിഷേധങ്ങൾക്കാണ് കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാന നഗരി സാക്ഷ്യം വഹിക്കുന്നത്. പക്ഷെ, പ്രതിഷേധങ്ങളോട് സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സർവകലാശാല, പിഎസ്‌സി അധികൃതരെയും വഴിയിൽ തടയുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ കെഎസ്‌യു ആലോചിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്തിറങ്ങും. തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്ഗ്രസ്സ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
അതിനിടെ, സെക്രട്ടറിയേറ്റ് പടിക്കൽ കെഎസ്‌യു നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ എബിവിപി നടത്തുന്ന 72 മണിക്കൂർ പ്രതിഷേധ ധർണ ഇന്ന് സമാപിക്കും. ശക്തമായ സമരപരിപാടികൾക്ക് കാമ്പസ് ഫ്രണ്ടും രൂപം നൽകുന്നുണ്ട്. ഒരാഴ്ചയായി തുടരുന്ന സമരപരിപാടികൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here