ഒറ്റപ്പാലം നഗരസഭയിലെ മോഷണം; കൗൺസിലറുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാതെ സിപിഐഎം

ഒറ്റപ്പാലം നഗരസഭയിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട കൗൺസിലർ ബി സുജാതയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാതെ സിപിഐഎം. കൗൺസിലർമാരുടെ ഫ്രാക്ഷൻ യോഗത്തിൽ സുജാതയുടെ രാജി ആവശ്യപ്പെട്ട് ഭൂരിപക്ഷം കൗൺസിലർമാരും രംഗത്തെത്തി.

യോഗത്തിൽ പങ്കെടുത്ത 14 ൽ 13 കൗൺസിലർമാരും മോഷണക്കേസിൽ പ്രതി ചേർക്കപ്പെട്ട കൗൺസിലറുടെ രാജി ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ തീരുമാനമെടുക്കാനാകില്ലെന്ന നിലപാടാണ് സിപിഐഎം ഒറ്റപ്പാലം ഏരിയ നേതൃത്വം സ്വീകരിച്ചത്.

നഗരസഭയിലെ സിപിഐഎമ്മിന്റെ തന്നെ കൗൺസിലറായ ടി ലതയുടെ ബാഗിൽ നിന്ന് 38000 രൂപ മോഷണം പോയ കേസിലാണ് ബി സുജാതയെ പൊലീസ് പ്രതി ചേർത്തത്. വരോട് ലോക്കൽ കമ്മറ്റി അംഗം കൂടിയായ സുജാതയെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. സുജാതയുമായി പാർട്ടിക്കിപ്പോൾ ഒരു ബന്ധവുമില്ലെന്നാണ് ഒറ്റപ്പാലം ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് പറയുന്നത്. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ മാത്രം പോര കൗൺസിലർ സ്ഥാനം സുജാത രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമരവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top