ഒരു ലൈറ്റും ഫാനും മാത്രമുള്ള വീട്ടിലെ കറണ്ട് ബില്ല് 128 കോടി രൂപ

ആകെ ഒരു ഫാനും ലൈറ്റും മാത്രം ഉപയോഗിക്കുന്ന വീട്ടിലെ കറണ്ട് ബില്ല് 128 കോടി രൂപ. യുപി ഹപൂറിലെ ചമ്രി ഗ്രാമവാസിയും വയോധികനുമായ ഷമീം ആണ് വൈദ്യുതി ബോര്‍ഡ് നൽകിയ ഭീമൻ ബില്ല് കണ്ട് ഷോക്കടിച്ചിരിക്കുന്നത്. തുകയടക്കാത്തതിനാൽ ഷമീമിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ് ബോർഡ്. തുക മുഴുവനും അടച്ചാൽ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കൂ എന്നാണ് അവരുടെ വാദം.
128,45,95,444 രൂപയുടെ ബില്ലാണ് ഷമീമിന് ലഭിച്ചത്. ഷമീമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ബില്‍ അടയ്ക്കാനുള്ള മാര്‍ഗമില്ലാതെ വൈദ്യുതി ബോര്‍ഡിന്റെ ഓഫീസില്‍ പലതവണ കയറിയിറങ്ങി മടുത്തിരിക്കുകയാണ് ഇദ്ദേഹം. എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഈ വൃദ്ധൻ പറയുന്നു. ഒരു ഫാനും ലൈറ്റും മാത്രം ഉപയോഗിക്കുന്ന തനിക്കെങ്ങനെയാണ് ഇത്രയും വലിയ തുക ബില്ലായി വന്നതെന്നാണ് ഷമീം ചോദിക്കുന്നത്.
പ്രദേശത്തെ മൊത്തം വൈദ്യുതി ബില്ലാണ് തനിക്ക് നല്‍കിയതെന്ന് ഷമീം പറയുന്നു. ജീവിതത്തിലെ എല്ലാ സമ്പാദ്യവും നല്‍കിയാലും ഒരിക്കലും ബില്‍ അടയ്ക്കാന്‍ കഴിയില്ല. ഒരിക്കലും ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്നും ഇത്രയും തുക അടയ്ക്കാന്‍ കഴിയില്ലെന്നും ഷമീം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, ഇതൊരു സാങ്കേതിക പിഴവായിരിക്കാമെന്നാണ് വൈദ്യുതി വകുപ്പിലെ എന്‍ജിനീയറായ രാംചരണിന്റെ വാദം. വിശദപരിശോധനയ്ക്ക് ശേഷം ബില്‍ മാറ്റി നല്‍കുമെന്നും രാംചരണ്‍ പറഞ്ഞു. ജനുവരിയില്‍ കനൗജ് നിവാസിക്ക് 23 കോടി രൂപയുടെ ബില്‍ ലഭിച്ചിരുന്നു. വൈദ്യുതി ബോർഡിന്റെ ഈ വീഴ്ചയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here