സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും കോട്ടയം, എറണാകുളം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് കടലാക്രമണം രൂക്ഷം. നാലര മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം.

ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന റെഡ് അലേര്‍ട്ട്. കോട്ടയം, എറണാകുളം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായതോ, അതിശക്തമായതൊ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ,തൃശ്ശൂര്‍,മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യേല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
പൊതുജനങ്ങളും, ഭരണ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.

ഇന്ന് അര്‍ധരാത്രി വരെ കേരള തീരത്ത് നാലര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനുള്ള സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. അതിനാല്‍ മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകുന്നത് തല്‍ക്കാലം ഒഴിവാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
24 വരെ വിവിധ ജില്ലകളില്‍ റെഡ് – ഓറഞ്ച് അലേര്‍ട്ടുകള്‍ നിലനില്‍ക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top