ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ കപ്പലിലും മലയാളികളുള്ളതായി സ്ഥിരീകരണം

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ കപ്പലിൽ മൂന്ന് മലയാളികളുള്ളതായി സ്ഥിരീകരണം. ബ്രിട്ടീഷ് റോയൽ നേവിയുടെ പ്രത്യേക ദൗത്യ സംഘം പിടിച്ചെടുത്ത ഗ്രേസ് വൺ എന്ന ഇറാനിയൻ കപ്പലിലാണ് മലയാളികളുള്ളത്. മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി അജ്മൽ സാദിഖ് (ജൂനിയർ ഓഫീസർ), ഗുരുവായൂർ സ്വദേശി റെജിൻ ( സെക്കന്റ് ഓഫീസർ), കാസർഗോഡ് ബേക്കൽ സ്വദേശി പ്രജീഷ് ( തേഡ് എഞ്ചിനീർ) എന്നിവർ അടക്കം 24 ഇന്ത്യക്കാരും, 3 യുക്രയ്ൻ, 1 പാക്കിസ്ഥാൻ ജീവനക്കാരനുമാണ് കപ്പലിലുള്ളത്.
ജൂലൈ 4 വെളുപ്പിനാണ് ബ്രിട്ടൻ ഇറാന്റെ കപ്പൽ പിടിച്ചെടുക്കുന്നത്. ഇറാനിൽ നിന്ന് 3 ലക്ഷം ടൺ ക്രൂഡ് ഓയിൽ ലോഡ് ചെയ്ത് മെയ് 13 നു ഫുജൈറയിൽ നിന്നും പുറപ്പെട്ട സൂപ്പർ ടാങ്കർ വിഭാഗത്തിൽ പെട്ട കപ്പലാണ് ബ്രിട്ടൻ പിടിച്ചെടുത്തത്. 18000 കിലോ മീറ്ററും, 25 രാജ്യങ്ങളും താണ്ടി സ്‌പെയിനിലെ തെക്കു തീരപ്രദേശമായ ബ്രിട്ടന്റെ അധീനതയിൽ പെടുന്ന ജിബ്രാൾട്ടർ എന്ന സ്ഥലത്ത് ഭക്ഷണ സാധനങ്ങൾ എടുക്കുവാൻ എത്തിയപ്പോഴാണ് റോയൽ നേവി കമാന്റോസ് കപ്പൽ പിടിച്ചെടുത്ത് നാവികരെ തടവിലാക്കിയത്.
യൂറോപ്യൻ യൂണിയന്റെ വിലക്ക് ലംഘിച്ചു എന്ന കാരണത്താലാണു കപ്പൽ പിടിച്ചെടുത്തത് എന്ന് ബ്രിട്ടൻ ഔദ്യോഗിക വിഭാഗം വ്യക്തമാക്കിയിരുന്നു. ഇതിന് പ്രതികാരനടപടിയായാണ് ബ്രിട്ടന്റെ കപ്പൽ ഇറാൻ ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്. ഇൗ കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here