Advertisement

സുഡാനില്‍ അധികാര തര്‍ക്കം; പ്രതിപക്ഷ സഖ്യം സൈനിക ഭരണാധികാരികളുമായി നടത്താനിരുന്ന തുടര്‍ ചര്‍ച്ച മാറ്റിവെച്ചു

July 21, 2019
1 minute Read

സുഡാനില്‍ അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച് ഉടമ്പടിയിലെത്തിയ ശേഷം പ്രതിപക്ഷ സഖ്യം സൈനിക ഭരണാധികാരികളുമായി നടത്താനിരുന്ന തുടര്‍ ചര്‍ച്ച മാറ്റിവെച്ചു. സൈനിക ഭരണകൂടവും പ്രതിപക്ഷ സഖ്യവും തമ്മില്‍ ഒപ്പുവെച്ച ഉടമ്പടിയില്‍ സഖ്യത്തിലെ ചില വിഭാഗങ്ങള്‍ക്കുണ്ടായ എതിര്‍പ്പാണ് ചര്‍ച്ച മാറ്റിവെക്കാന്‍ കാരണം. ചര്‍ച്ച നടത്തുന്നതിനുള്ള പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.

അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച് അന്തിമരൂപം നല്‍കുന്നതിനായി പ്രതിപക്ഷ സഖ്യവും സൈനിക ഭരണാധികാരികളും തമ്മില്‍ നടക്കാനിരുന്ന ചര്‍ച്ചയാണ് മാറ്റിവെച്ചത്. കൂട്ടായ തീരുമാനത്തിലെത്താന്‍ സഖ്യത്തിനുള്ളില്‍ കൂടുതല്‍ ആഭ്യന്തര ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പ്രതിപക്ഷനേതാവ് ഒമര്‍ അല്‍ ദിഗീര്‍ അന്താരാഷ്ട്ര മാധ്യമമായ എഎഫ്പിയോട് പറഞ്ഞു. ചര്‍ച്ച പുന:രാരംഭിക്കാന്‍ പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്നും ദിഗീര്‍ പറഞ്ഞു. ഫോഴ്സസ് ഓഫ് ഫ്രീഡം & ചേഞ്ച് എന്ന പ്രതിപക്ഷ സഖ്യത്തിലെ മൂന്ന് വിഭാഗങ്ങള്‍ക്ക് ഉടമ്പടിയെ സംബന്ധിച്ച അഭിപ്രായവ്യത്യസം നിലനില്‍ക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ ബുധനാഴ്ചയാണ് അധികാരം പങ്കിടാനുള്ള ഉടമ്പടിയില്‍ സൈനിക ഭരണകൂടവും പ്രക്ഷോഭകാരികളും ഒപ്പുവെച്ചത്. ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇത്. ഏപ്രിലില്‍ മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് നിലനിന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരമെന്ന നിലയിലാണ് ഇരുപക്ഷവും അധികാരം പങ്കിടാനുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചത്. പൊതു തെരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ ഇരുകൂട്ടരും ചേര്‍ന്ന് ഭരണം നടത്താനാണ് ധാരണയായത്.

കരാര്‍ പ്രകാരം 11 അംഗഭരണ സമിതിയാകും അടുത്ത 3 വര്‍ഷം രാജ്യത്തെ നയിക്കുക. 11 അംഗ ഭരണ സമിതിയില്‍ 5 പ്രതിപക്ഷ നേതാക്കളും 5 സൈനിക നേതാക്കളും ഉണ്ടാകും. ഇതിനുപുറമെ ഇരുകൂട്ടര്‍ക്കും സ്വീകാര്യനായ ഒരാള്‍ കൂടി ഭരണസമിതിയില്‍ അംഗമാകും. ഭരണത്തിന്റെ ആദ്യ 21 മാസം സൈനിക മേധാവികളും, 18 മാസം ജനകീയ നേതൃത്വവുമാകും ഭരണ സമിതിക്ക് നേതൃത്വം നല്‍കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top