സര്‍ക്കാരിനു ബാധ്യതയായ രണ്ടു സ്ഥാപനങ്ങള്‍ കൂടി അടച്ചുപൂട്ടാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്

സര്‍ക്കാരിനു ബാധ്യതയായ രണ്ടു സ്ഥാപനങ്ങള്‍ കൂടി അടച്ചുപൂട്ടുന്നു. പ്രതീക്ഷാ ബസ് ഷെല്‍ട്ടേഴ്സ് കേരള ലിമിറ്റഡ്, ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡ് എന്നീ കമ്പനികളാണ് അടച്ചുപൂട്ടാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. നടത്തിപ്പില്‍ വന്‍ക്രമക്കേടുകള്‍ കണ്ടെത്തിതിനെ തുടര്‍ന്നാണ് നടപടി.
യാത്രക്കാര്‍ക്ക് ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് വെയിറ്റിംഗ് ഷെഡുകള്‍ നിര്‍മ്മിക്കുന്നതിനായാണ് പ്രതീക്ഷ ബസ് ഷെല്‍ട്ടേഴ്സ് എന്ന കമ്പനി തുടങ്ങിയത്. പൊതുജനങ്ങള്‍ക്കായി ആധുനിക രീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മാണം, മാലിന്യ സംസ്‌കരണം, ശുചീകരണം എന്നിവയായിരുന്നു ആശ്വാസ് പബ്ലിക് അമിനിറ്റീസ് കമ്പനിയുടെ ലക്ഷ്യം. 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പൊതുമരാമത്ത് വകുപ്പ് ഈ കമ്പനികള്‍ തുടങ്ങിയത്. ഇക്കാലത്ത്
പൊതുമരാമത്ത് വകുപ്പിലെ രണ്ട് എന്‍ജിനീയര്‍മാരെ മാനേജിംഗ് ഡയറക്ടര്‍മാരായി നിയമിച്ചിരുന്നു. ഇവര്‍ സര്‍വീസില്‍ നിന്നും വിരമിച്ചെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ എംഡി സ്ഥാനത്തേക്ക് കാലാവധി നീട്ടി നല്‍കി. എന്നാല്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരെ നീക്കം ചെയ്ത് സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ 2018 ല്‍ നിയമിച്ചു.
വലിയ ക്രമക്കേടുകളാണ് ഈ കമ്പനികള്‍ നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സര്‍ക്കാരിന്റ സ്ഥലം ഉപയോഗിച്ച് എംപി, എംഎല്‍എ ഫണ്ടുകൊണ്ടാണ് ബസ് ഷെല്‍ട്ടറുകളും പൊതുജന സൗകര്യങ്ങളും ഒരുക്കുന്നത്. ഇതിനുശേഷം 30 വര്‍ഷത്തെ കാലയളവില്‍ പരിപാലനത്തിനായി ഇവ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയാണ് ഈ കമ്പനികള്‍ ചെയ്തത്. ബസ് ഷെല്‍ട്ടറുകളില്‍ വന്‍കിട സ്ഥാപനങ്ങളുടെ പരസ്യം സ്ഥാപിച്ചതിലൂടെ ലഭിച്ച കോടിക്കണക്കിനു രൂപ എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. കമ്പനിയുടെ അക്കൗണ്ടില്‍ ഈ തുകയില്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഒരു ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ പരമാവധി നാലു ലക്ഷത്തോളം രൂപയാണ് ചെലവാകുന്നത്. എന്നാല്‍ ഇതിന്റെ പലമടങ്ങ് ഒരു വര്‍ഷം പരസ്യ വരുമാനത്തില്‍ ലഭിച്ചിരുന്നു. എത്ര ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ചു എന്നതിനു പോലും കൃത്യമായ കണക്ക് കമ്പനിയുടെ പക്കലില്ല.
30 ഷെല്‍റ്ററുകളെന്നാണ് പഴയ എം.ഡി പറഞ്ഞെങ്കിലും 92 എണ്ണം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എത്ര ജീവനക്കാരാണ് കമ്പനികളിലുള്ളതെന്നതിന്റെ വിശദാംശങ്ങള്‍ പോലും രേഖകളിലില്ല. ക്രമക്കേട് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ടു കമ്പനികളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ആസ്തിബാധ്യതകള്‍ പൊതുമാരമത്ത് വകുപ്പ് ഏറ്റെടുക്കും. ഇവര്‍ നടത്തിക്കൊണ്ടിരുന്ന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പിഡ്‌ളുഡി നേരിട്ട് നടത്താനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here