Advertisement

വിസ്മരിക്കപ്പെടുന്ന സിംബാബ്‌വെ ക്രിക്കറ്റ്; ഗൃഹാതുരതയുടെ നീറ്റൽ

July 21, 2019
Google News 1 minute Read

ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയ ഇടപെറ്റലുകൾ നടക്കുന്നുണ്ടെന്നാരോപിച്ച് ഐസിസി സിംബാബ്‌വെ ക്രിക്കറ്റിനെ സസ്പൻഡ് ചെയ്തു. ഈ വാർത്ത കേട്ടപ്പോൾ ചിലർക്ക് ഒരു നീറ്റലുണ്ടായിട്ടുണ്ടാവും. ഒരുപക്ഷേ, ’90സ് കിഡ്സ്’ എന്ന് വിളിക്കപ്പെടാവുന്ന ഒരു ജനതയ്ക്ക് ഈ വാർത്ത ഒരു ഞെട്ടലുണ്ടാക്കിയിരിക്കണം. കാരണം, സിംബാബ്‌വെയുടെ സുവർണ്ണകാലം കണ്ട് കടന്നു പോയവരാണ് ആ തലമുറ.

ഒരിക്കലും മറക്കാത്ത ചില പഴയ പേരുകളാണ് സിംബാബ്‌വെ ക്രിക്കറ്റിൽ 90സ് കിഡ്സിൻ്റെ ഗൃഹാതുരത. ആൻഡി ഫ്ലവറിൽ തുടങ്ങി സഹോദരൻ ഗ്രാൻഡ് ഫ്ലവർ, ഹെൻറി ഒലോംഗ, അലിസ്റ്റർ കാമ്പ്‌ബെൽ, ഹീത്ത് സ്ട്രീക്ക്, തദേന്ദ തയ്ബു തുടങ്ങി ബ്രൻഡൻ ടെയ്‌ലറിലും ഹാമിൽട്ടൻ മസകാഡ്സയിലും എത്തി നിൽക്കുന്ന ഒരുപിടി പേരുകൾ. ഡഗ്ലസ് മരില്ല്യർ എന്ന പേര് ഇന്ത്യക്കാർ പ്രത്യേകം ഓർമിക്കും. 2002 മാർച്ച് 7ന് ഇന്ത്യയെ തോൽപിച്ച സിംബാബ്‌വെ ടീമിൽ ഒൻപതാം നമ്പറിലിറങ്ങിയ മരില്ല്യറാണ് വേറിട്ടു നിന്നത്. ദിൽസ്കൂപ്പിൻ്റെ ആദ്യ രൂപം കൊണ്ട് സഹീർ ഖാനെ തല്ലിയൊതുക്കിയ അദ്ദേഹം വെറും 24 പന്തുകൾ നേരിട്ട് അടിച്ചു കൂട്ടിയത് 56 റൺസായിരുന്നു. ഇന്ത്യയുടെ 274 സിംബാബ്‌വെ അവസാന ഓവറിൽ മറികടന്നു.

ഇങ്ങനെ ഒട്ടേറെ ഓർമകൾ സമ്മാനിച്ചാണ് സിംബാബ്‌വെ പടിയിറങ്ങുന്നത്. 92ൽ ടെസ്റ്റ് പദവി ലഭിച്ച ശേഷം 95ൽ സിംബാബ്‌വെ ആദ്യ ജയം രുചിച്ചത് പാക്കിസ്ഥാനെതിരെയായിരുന്നു. ഗ്രാൻഡ് ഫ്ലവർ 201 നോട്ടൗട്ടും ആൻഡി ഫ്ലവർ 156ഉം റൺസെടുത്തിരുന്നു അന്ന്. ഇന്നിംഗ്സ് വിജയത്തോടെയാണ് സിംബാബ്‌വെ ആ ടെസ്റ്റിനു തിരശീലയിട്ടത്. 98ൽ പാക്കിസ്ഥാനെതിരെ തന്നെ ആദ്യ ടെസ്റ്റ് സീരീസ് ജയം. 1999 ലോകകപ്പിൽ കെനിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെ പരാജയപ്പെടുത്തി അവർ സൂപ്പർ സിക്സ് ഘട്ടം വരെ എത്തിയിരുന്നു. ഇന്ത്യക്കെതിരെ സിംബാബ്‌വെ നേടിയ ജയം ലോകകപ്പ് ചരിത്രത്തിലെ തന്നെ അട്ടിമറികളിൽ ഒന്നായിരുന്നു. അച്ഛൻ്റെ മരണത്തെത്തുടർന്ന് സച്ചിൻ ഇല്ലാതിരുന്ന മത്സരത്തിൽ ഇന്ത്യ അന്ന് പരാജയപ്പെട്ടത് മൂന്നു റൺസിനാണ്.

2001ൽ ന്യൂസിലൻഡിനെ ഓക്ക്ലാൻഡിൽ അവർ പരാജയപ്പെടുത്തി. കിവീസിൻ്റെ 273 പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 16 ഓവർ പിന്നിടുമ്പോൾ 64/5. തുടർന്ന് ആൻഡി ഫ്ലവർ 81 റൺസടിച്ച് പൊരുതി. അന്ന് സിംബാബ്‌വെ വിജയിച്ചത് ഹീത്ത് സ്ട്രീക്കിൻ്റെ ഇന്നിംഗ്സ് ബലത്തിലായിരുന്നു. 67 പന്തുകളിൽ നിന്നും 79 റൺസെടുത്ത് പുറത്താവാതെ നിന്ന സ്ട്രീക്ക് 49ആം ഓവറിൽ സിംബാബ്‌വെയെ വിജയിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചു വരവുകളിൽ ഒന്ന്. അടുത്ത കൊല്ലമായിരുന്നു മരില്ല്യർ മാജിക്ക്. 2007 ടി-20 ലോകകപ്പിൽ സിംബാബ്‌വെ തോല്പിച്ചത് ഓസ്ട്രേലിയയെ ആയിരുന്നു. 139 റൺസ് പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 60 റൺസെടുത്ത് പുറത്താവാതെ നിന്ന ബ്രണ്ടൻ ടെയ്‌ലറുടെ മികവിൽ അവസാന പന്തിൽ വിജയം കുറിച്ചു.

2011ൽ ന്യൂസിലൻഡിൻ്റെ 328 ചേസ് ചെയ്ത വിജയവും ഇതിനോട് ചേർത്തു വായിക്കണം. റോസ് ടെയ്‌ലറും കെയിൻ വില്ല്യംസണും നേടിയ സെഞ്ചുറികൾക്ക് മാൽക്കം വാലർ (99 നോട്ടൗട്ട്), ബ്രണ്ടൻ ടെയ്‌ലർ (75), തദേന്ദ തയ്ബു (53) എന്നിവരിലൂടെ സിംബാബ്‌വെ മറുപടി നൽകി. ഒരു പന്ത് ബാക്കി നിർത്തി ഒരു വിക്കറ്റിന് സിംബാബ്‌വെ ജയിച്ചു.

ഓർമകളാണ് പടിയിറങ്ങുന്നത്. പലരും വിരമിച്ച് കഴിഞ്ഞു. ഇനിയെന്താണ് സംഭവിക്കുക എന്നതിനെപ്പറ്റി അറിയില്ല. മൂന്നു മാസത്തെ സമയം ഐസിസി നൽകിയിട്ടുണ്ടെങ്കിലും അത്ര കാലത്തിനുള്ളിൽ എന്താണ് ചെയ്യേണ്ടതെന്നും അറിയില്ല. പക്ഷേ, ഒന്നുറപ്പാണ്. സിംബാബ്‌വെ ഇല്ലാത്തത് വലിയ നഷ്ടം തന്നെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here