നെടുങ്കണ്ടം കസ്റ്റഡി മരണം പൈശാചികമെന്ന് സർക്കാർ ഹൈക്കോടതിയിൽ

നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണം പൈശാചികമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസ് ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാർ വിശദീകരണം. ഹർജിയിൽ തിങ്കളാഴ്‌ച നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ഭാര്യ വിജയയും മക്കളും ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. രാജ് കുമാറിന്റെ മരണം സംഭവിക്കാൻ പാടില്ലത്തതാണന്നും കേസ് ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അനു ബന്ധ രേഖകൾ എന്നിവ ഹരജിക്കാർക്ക് നൽകണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി. പോലിസ് കസ്റ്റഡിയിലെടുത്ത പാസ് ബുക്ക് അടക്കമുള്ള മുഴുവൻ രേഖകളും ഹരജിക്കാർക്ക് വിട്ടു നൽകണം.
Read Also : നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയിൽ
സിബിഐ അന്വേഷണ ആവശ്യത്തിൽ തിങ്കളാഴ്‌ച നിലപാട് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനും സിബിഐക്കും നിർദേശം നൽകി. പോലീസ് രാജ്‌കുമാറിനെ കസ്റ്റഡിയിൽ എടുത്തത് നിയമവിരുദ്ധമായാണെന്നും ക്രൂരമായ മർദനമാണ് മരണ കാരണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായവരിൽ നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും ഹർജിയിൽ പറയുന്നു.
ജൂൺ 12 മുതൽ 16 വരെ രാജ്‌കുമാറിനെ അന്യായമായി കസ്റ്റഡിൽ പീഡിപ്പിച്ചെന്നാണ് പ്രധാന പരാതി. സംഭവത്തിൽ എസ്പി, ഡിവൈഎസ്പി മജിസ്‌ട്രേറ്റ്, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ എന്നിവരുടെ വീഴ്ചയും അന്വേഷിക്കണം എന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here