കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടത്താൻ തയ്യാറെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി

കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടത്താൻ തയ്യാറാണെന്ന് മുഖ്യമന്ത്കി എച്ച് ഡി കുമാരസ്വാമി. ഇത് സംബന്ധിച്ച് സ്പീക്കർ രമേഷ് കുമാറിന് കുമാരസ്വാമി കത്ത് നൽകി. നിലവിൽ സഭയിൽ ചർച്ച തുടരട്ടെയെന്നും കുമാരസ്വാമി കത്തിൽ വ്യക്തമാക്കുന്നു. അതേസമയം, വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ വേണെന്ന നിലപാടിലാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ബിജെപി നേതാക്കൾ സ്പീക്കറെ കണ്ടു.
അതേസമയം, കർണാടകയിൽ ഇന്നു തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ നിർദേശിക്കണമെന്ന രണ്ട് സ്വതന്ത്ര എംഎൽഎമാരുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇന്ന് അഞ്ച് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് സ്വതന്ത്ര എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഇക്കാര്യം അസാധ്യമാണെന്ന് സുപ്രീംകോടതി പറഞ്ഞു. എംഎൽഎമാരുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.
അയോഗ്യരാക്കാനുള്ള നടപടികൾ തുടങ്ങുമെന്ന് വിമതർക്ക് സ്പീക്കർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിശദീകരണം നൽകാൻ നാളെ 11 മണിക്ക് ഹാജരാകണമെന്ന് സ്പീക്കർ നിർദേശിച്ചു. അതിനിടെ കുമാരസ്വാമി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബിഎസ്പി എംഎൽഎ എൻ മഹേഷിനു മായാവതി നിർദേശം നൽകി. നിയമസഭ യോഗത്തിന് എത്തില്ലെന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ മായാവതിയുടെ നിർദേശം. വോട്ടെടുപ്പ് ഇനിയും നീണ്ടു പോയാൽ ഗവർണർ ശക്തമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. കർണാടകയിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി ഗവർണർ ഇതിനോടകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here