അമേരിക്കയിൽ ഐപിഎൽ പ്രമോഷൻ നടത്താനുള്ള മുംബൈ ഇന്ത്യൻസിന്റെ നീക്കം തടഞ്ഞ് സിഒഎ

അമേരിക്കയിൽ ഐപിഎല്ലിൻ്റെ ജനപ്രീതി വർദ്ധിപ്പിക്കാനുള്ള മുംബൈ ഇന്ത്യൻസിൻ്റെ നീക്കം തടഞ്ഞ് സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍. അമേരിക്കയിൽ പ്രീസീസൺ മത്സരങ്ങൾ കളിക്കാനും അതു വഴി ഐപിഎൽ പ്രമോട്ട് ചെയ്യാനുമുള്ള മുംബൈ ഇന്ത്യൻസിൻ്റെ നീക്കമാണ് സിഒഎ തടഞ്ഞത്. കച്ചവടതാത്പര്യങ്ങളല്ല, മറിച്ച് ക്രിക്കറ്റ് പ്രൊമോഷനാണ് ലക്ഷ്യമെന്ന് മുംബൈ ഇന്ത്യന്‍സ് അറിയിച്ചുവെങ്കിലും പദ്ധതിയ്ക്ക് സിഒഎ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
അമേരിക്കയിലെ ലോക്കല്‍ ക്രിക്കറ്റ് ടീമുകളോട് ചില മത്സരങ്ങള്‍ കളിച്ച് അവിടെ ഐപിഎലിന്റെ പ്രൊമോഷൻ നടത്താനാണ് മുംബൈ ഇന്ത്യൻസ് ഉദ്ദേശിച്ചത്. ഇങ്ങനെ മത്സരങ്ങൾ നടത്തുക വഴി മുംബൈയുടെ വലിയ താരങ്ങളെ കാണുവാനും അവരുടെ കളി അടുത്ത് വീക്ഷിക്കുവാനുമുള്ള അവസരം അവിടുത്തെ ആരാധകര്‍ക്കും ലഭിച്ചേനെയെന്നും ഇത് ഐപിഎലിന് കൂടുതല്‍ ഗുണകരമായേനെയെന്നാണ് ഈ പദ്ധതിയ്ക്ക് പിന്നിലുള്ളവർ പറയുന്നത്.
ഇതിലൂടെ ലഭിക്കുന്ന വരുമാനം പങ്കുവയ്ക്കുവാനും മുംബൈ ഇന്ത്യന്‍സ് ഒരുക്കമായിരുന്നു. കൂടുതല്‍ ആളുകളിലേക്ക് ക്രിക്കറ്റ് എത്തിക്കുകയും അത് വഴി ഐപിഎലിന് കൂടുതല്‍ ജനശ്രദ്ധ നേടുകയുമായിരുന്നു ടീമിന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ സിഒഎ ഈ പദ്ധതിക്ക് അംഗീകാരം നൽകിയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here