അഴിമതി ആരോപണം; മെസ്സിക്ക് ഒരു മത്സരത്തിൽ നിന്നു വിലക്ക്

ദക്ഷിണ അമേരിക്കൻ ഫുട്‌ബോള്‍ ഗവേണിങ് ബോഡിക്കെതിരെ അഴിമതി ആരോപണം നടത്തിയ അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്ക്. വിലക്കിനൊപ്പം മെസ്സി 1500 യുഎസ് ഡോളർ പിഴയും അടയ്ക്കണം. 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യത്തേതാവും മെസ്സിക്ക് നഷ്ടമാവുക.
മെസ്സിക്കൊപ്പം അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ തലവൻ ക്ലൗഡിയോ ടാപിയയെയും ഫിഫയുടെ ഔദ്യോഗിക പ്രതിനിധി എന്ന ചുമതലയിൽ നിന്നും ദക്ഷിണ അമേരിക്കൻ ഫുട്‌ബോള്‍ കോൺഫഡറേഷൻ നീക്കി. കോപ്പ അമേരിക്കയ്ക്കു ശേഷം ടാപിയയും ദക്ഷിണ അമേരിക്കൻ ഫുട്‌ബോള്‍ ഗവേണിങ് ബോഡിക്കെതിരെ അഴിമതി ആരോപണം നടത്തിയിരുന്നു.
ചിലിക്കെതിരെ നടന്ന മത്സരത്തിനിടെ ചുവപ്പു കാർഡ് കണ്ട് പുറത്തു പോയതിനെത്തുടർന്നാണ് മെസ്സി ദക്ഷിണ അമേരിക്കൻ ഫുട്‌ബോള്‍ ഗവേണിങ് ബോഡിക്കെതിരെ രംഗത്തു വന്നത്. ഈ ടൂർണമെൻ്റ് ആതിഥേയരായ ബ്രസീലിനെ ചാമ്പ്യന്മാരാക്കാൻ വേണ്ടി മാത്രം നടത്തുന്നതാണെന്ന് മെസ്സി ആരോപിച്ചിരുന്നു. റഫറിയിങ്ങിൽ മാന്യത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here