മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; സർക്കാരിന് അനുകൂലമായി രണ്ട് ബിജെപി എംഎൽഎമാർ

മധ്യപ്രദേശ് നിയമസഭയിൽ രണ്ട് ബിജെപി എംഎൽഎമാർ കമൽനാഥ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ക്രിമിനൽ നിയമ ഭേദഗതി ബിൽ പാസാക്കുന്നതിനിടെയാണ് ബിജെപി എംഎൽഎമാർ കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയ്തത്. നാരായൺ ത്രിപാഠി, ശരദ് കോൾ എന്നിവരാണ് വോട്ടു ചെയ്ത് ബിജെപിയെ ഞെട്ടിച്ചത്. ഇരുവരും കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുണ്ട്.
വോട്ടെടുപ്പിന് പിന്നാലെ ബിജെപിയെ വിമർശിച്ച് മുഖ്യമന്ത്രി കമൽനാഥ് രംഗത്തെത്തി. എല്ലാദിവസവും ബിജെപി പറയാറുണ്ട് തങ്ങൾ ന്യൂനപക്ഷ സർക്കാരാണെന്നും ഏതുദിവസവും താഴെപ്പോകാമെന്നും. എന്നാൽ ഇന്ന് സഭയിൽ രണ്ട് ബിജെപി എംഎൽഎമാർ തങ്ങളുടെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
231 അംഗ നിയമസഭയിൽ 121 എംഎൽഎമാരുടെ പിന്തുണയോടെയാണ് കമൽനാഥ് സർക്കാർ ഭരണം നടത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ 114 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ്, ബിഎസ്പിയുടെയും സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. ബിജെപിക്ക് 109 എംഎൽഎമാരാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here