മുത്തലാഖ് ബിൽ ലോക്‌സഭ പാസാക്കി

മുത്തലാഖ് ബിൽ ലോക്‌സഭ പാസാക്കി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസാക്കിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനെ പ്രതിപക്ഷം എതിർത്തു. എൻ കെ പ്രേമചന്ദ്രൻ ഉൾപ്പടെയുള്ള പ്രതിപക്ഷ എംപിമാർ കൊണ്ടുവന്ന ഭേദഗതികൾ തള്ളി.

82 നെതിരെ 303വോട്ടുകൾക്കാണ് ബിൽ ലോക്‌സഭയിൽ പാസായത്. ബില്ലിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാനുള്ള വ്യവസ്ഥയ്ക്ക് എതിരെ കോൺഗ്രസ് വോട്ടു ചെയ്തു.
ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡടക്കം ചർച്ചയിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയത് എൻഡിഎയ്ക്ക് നാണക്കേടായി. സമുദായത്തിന്റെ വിശ്വാസമില്ലാതെ ഇത്തരത്തിലൊരു നിയമം പാസാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ജെഡിയുവിന്റെ ഇറങ്ങിപ്പോക്ക്. അതേസമയം, മുത്തലാഖ് നിരോധിക്കുന്ന ബില്ല്, ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവർഷം വരെ ജയിൽശിക്ഷയും പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. മുസ്ലീം പുരുഷൻമാർക്കെതിരെ മാത്രം ക്രിമിനൽ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജൻസികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് സർക്കാർ ബിൽ കൊണ്ടുവന്നത്.

അതേസമയം, വിവരാവകാശ നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം സഭ നടപടികൾ തടസപ്പെടുത്തി. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപകഷം ആവശ്യപ്പെട്ടു. രാജ്യസഭയിൽ ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top