കർണാടകയിൽ മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി

കർണാകടയിൽ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല. മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. ബിജെപിയിലേക്കുള്ള നീക്കത്തിന് ചുക്കാൻ പിടിച്ച രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തള്ളി, സ്വതന്ത്ര എംഎൽഎയായ ആർ ശങ്കർ എന്നിവരെയാണ് അയോഗ്യരാക്കിയത്. എംഎൽഎമാരെ അയോഗ്യരാക്കിയ വിവരം വാർത്താസമ്മേളനത്തിലൂടെയാണ് സ്പീക്കർ അറിയിച്ചത്. നിയമസഭയുടെ കാലാവധി തീരുന്നത് വരെയാണ് എംഎൽഎമാരുടെ അയോഗ്യത നിശ്ചയിച്ചിരിക്കുന്നത്.
ബിജെപിയിലേക്കുള്ള വിമത കോൺഗ്രസ് എംഎൽഎമാരുടെ നീക്കത്തിന് നേതൃത്വം നൽകിയത് രമേഷ് ജാർക്കിഹോളിയായിരുന്നു. ബെളഗാവി ഗോഖക്കിൽ നിന്നുള്ള എംഎൽഎയാണ് രമേഷ് ജാർക്കിഹോളി. ഡി കെ. ശിവകുമാറുമായുള്ള രമേഷിന്റെ ഈഗോയാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജെപി പാളയത്തിലേക്കുള്ള നീക്കത്തിന് നേതൃത്വം നൽകിയ മറ്റൊരു പ്രധാനിയായിരുന്നു അയോഗ്യനാക്കപ്പെട്ട മഹേഷ് കുമത്തള്ളി.
കെപിജെപി അംഗമായി ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു ആർ ശങ്കർ നിയമസഭയിലേക്ക് മത്സരിച്ചത്. കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്റെ പാർട്ടി കോൺഗ്രസിൽ ലയിക്കുകയാണെന്ന് കാണിച്ച് ആർ ശങ്കർ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിന് കത്തു നൽകിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ മന്ത്രിയാക്കുകയും ചെയ്തിരുന്നു. കോൺഗ്രസിൽ ലയിച്ച ശേഷം ശങ്കർ കോൺഗ്രസ് അംഗമാണ്. വിപ്പ് പാലിക്കാൻ ബാധ്യസ്ഥനുമാണ്. ഇക്കാര്യം പരിശോധിച്ച ശേഷം അദ്ദേഹത്തേട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാതെ വന്നതേടെയാണ് ശങ്കറിനെ അയോഗ്യനാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here