അയർലൻഡിനെതിരെ ഇംഗ്ലണ്ടിന്റെ തകർച്ച; മൈക്കൽ വോണെ തിരിഞ്ഞു കുത്തി പഴയ ട്വീറ്റ്

അയർലൻഡ്-ഇംഗ്ലണ്ട് ടെസ്റ്റിലെ ഏറ്റവും വലിയ വാർത്ത ആദ്യ ഇന്നിംഗ്സിലെ ആതിഥേയരുടെ തകർച്ചയായിരുന്നു. ഈയടുത്ത് മാത്രം ടെസ്റ്റ് പദവി ലഭിച്ച അയർലൻഡിനെതിരെ ഏകദിന ലോക ചാമ്പ്യന്മാർ തകർന്നടിഞ്ഞത് 85 റൺസിനായിരുന്നു. ഇംഗ്ലണ്ടിൻ്റെ തകർച്ചയിൽ ഒരുപക്ഷേ, ഏറ്റവുമധികം ട്രോളുകൾ ഏൽക്കേണ്ടി വന്നത് പഴയ ദേശീയ താരവും കമൻ്റേറ്ററുമായ മൈക്കൽ വോൺ ആയിരുന്നിരിക്കണം. വോണിൻ്റെ പഴയ ഒരു ട്വീറ്റ് തിരഞ്ഞു പിടിച്ചാണ് ആരാധകർ ട്രോളുകളുമായി രംഗത്തു വരുന്നത്.
കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിനിടെയായിരുന്നു വോണിൻ്റെ ട്വീറ്റ്. നാലാം ഏകദിനത്തിൽ ഇന്ത്യ പുറത്തായത് 92 റൺസിനായിരുന്നു. ഹാമിൽട്ടണിൽ നടന്ന മത്സരത്തിൽ ട്രെൻ്റ് ബോൾട്ടിൻ്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ മുക്കിക്കളഞ്ഞത്. ഈ മത്സരത്തിനു ശേഷമാണ് വോൺ ട്വീറ്റുമായി രംഗത്തു വന്നത്. 100 റൺസിനു താഴെ ഒരു ടീമിലെ എല്ലാവരും പുറത്താവും എന്നത് വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്. ഇംഗ്ലണ്ട് 85നു പുറത്തായതോടെ ഈ ട്വീറ്റ് കുത്തിപ്പൊക്കി ആരാധകർ വോണിനെ ട്രോളി രംഗത്തെത്തി.
മത്സരത്തിൽ അഞ്ച് വിക്കറ്റെടുത്ത ടിം മുർതാഗിൻ്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിൻ്റെ 85 റൺസിനെതിരെ 207ന് പുറത്തായ അയർലൻഡ് ആദ്യ ഇന്നിംഗ്സിൽ 122 റൺസിൻ്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെടുത്തിട്ടുണ്ട്.
92 all out India … Can’t believe any team would get bowled out for under a 100 these days !!!!!!
— Michael Vaughan (@MichaelVaughan) January 31, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here