പ്രളയ രക്ഷാപ്രവര്‍ത്തനം; വ്യോമസേന ആവശ്യപ്പെട്ട തുക ഒഴിവാക്കണം; മുഖ്യമന്ത്രി രാജ്നാഥ്സിങിനു കത്തയച്ചു

പ്രളയസമയത്തു രക്ഷാ പ്രവര്‍ത്തനം നടത്തിയതിനു വ്യോമസേന ആവശ്യപ്പെട്ട തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധമന്ത്രി രാജ്നാഥ്സിങിനു
കത്തയച്ചു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു ശ്രമം നടത്തുന്ന സാഹചര്യത്തില്‍ ഇത്ര വലിയ തുക ഒഴിവാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
2018 ലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനു 113.69 കോടിയുടെ ബില്ലാണ് വ്യോമസേന സംസ്ഥാന സര്‍ക്കാരിനു നല്‍കിയത്. കേരളത്തിന്റെ സാമ്പത്തികസ്ഥിതി വിവരിച്ചുകൊണ്ടാണ് ഈ തുക ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 2017ലെ ഓഖിയിലും 2018 ലെ പ്രളയത്തിലുമായി കനത്ത നഷ്ടമാണ് കേരളത്തിനുണ്ടായത്. ജീവനും സ്വത്തും നഷ്ടപ്പെട്ടു. സംസ്ഥാനത്തിന്റെ ദുര്‍ബലമായ സാമ്പത്തിക സ്ഥിതിക്ക് ഇതു കനത്ത ആഘാതമാണ് ഏല്‍പ്പിച്ചതെന്ന് കത്തില്‍ പറയുന്നു.
ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 31,000 കോടിയുണ്ടെങ്കില്‍ മാത്രമേ അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍വിന്യാസം സാധ്യമാകുകയുള്ളൂ. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും കേരളത്തിനു ആകെ ലഭിച്ചത് 2904.85 കോടി രൂപ മാത്രമാണ്. സംസഥാനത്തിന്റെ ആവശ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു വളരെകുറവാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കാനായി റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ എന്ന പദ്ധതി നടപ്പാക്കുകയാണ്. ഇതിനായി വിവിധ മാര്‍ഗങ്ങളില്‍ നിന്നും പണം കണ്ടെത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ വ്യോമസേന ആവശ്യപ്പെട്ട തുക നല്‍കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ തുക ഒഴിവാക്കി നല്‍കണമെന്നും രാജ്നാഥ്സിങിന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here