രാജ്യത്ത് വർധിക്കുന്ന ആൾക്കൂട്ടക്കൊലപാതകം; കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടിസ്

രാജ്യത്ത് ആൾക്കൂട്ട കൊലപാതകം വർധിക്കുന്നത് ചൂണ്ടിക്കാട്ടി സാംസ്കാരിക പ്രമുഖർ രംഗത്തെത്തിയതിനിടെ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടിസ്. ആൾക്കൂട്ട കൊലപാതകങ്ങൾ നേരിടാൻ നിയമനിർമാണത്തിന് കേന്ദ്രം തയാറാകുന്നില്ലെന്ന പൊതുതാൽപര്യ ഹർജിയിലാണ് നടപടി. അതേസമയം, ബിജെപി നേതാക്കൾ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുന്നുവെന്ന് ആരോപിച്ചു ആന്റോ ആന്റണി എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.
ആൾക്കൂട്ട കൊലപാതകങ്ങൾ കർശനമായി നേരിടുന്നതിന് സുപ്രീംകോടതി മുന്നോട്ടുവച്ച മാർഗനിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും നടപടിയെടുക്കുന്നില്ലെന്ന് പൊതുതാൽപര്യഹർജിയിൽ ചൂണ്ടിക്കാട്ടി. ജാർഖണ്ഡിലും ഉത്തർപ്രദേശിലും അടക്കം തുടരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പ്പെടുത്തി. തുടർന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ദേശീയ മനുഷ്യാവകാശകമ്മിഷനും നോട്ടിസ് അയക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
അതേസമയം, രാജ്യത്ത് അസഹിഷ്ണുതയും ആൾക്കൂട്ട കൊലപാതകവും വർധിക്കുന്നതിൽ നാൽപ്പത്തിയൊൻപത് സാംസ്കാരികപ്രമുഖർ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിനെ വിമർശിച്ച് ഒരു വിഭാഗം സാംസ്കാരിക പ്രവർത്തകർ രംഗത്ത് വന്നു. ചില സംഭവങ്ങൾ മാത്രം ഉയർത്തിപിടിച്ച് സർക്കാരിനെ വിമർശിക്കുകയാണെന്ന് ബോളിവുഡ് നടി കങ്കണ റണൗത് അടക്കം 62 പേർ പ്രധാനമന്ത്രിക്കയച്ച കത്തിൽ ആരോപിച്ചു. ഇതോടെ അസഹിഷ്ണുത വിഷയത്തിൽ സാംസ്കാരിക പ്രവർത്തകർ രണ്ട് തട്ടിലായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here