Advertisement

കൈ ഒടിഞ്ഞെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല; വാർത്ത മാധ്യമങ്ങൾ വളച്ചൊടിച്ചതെന്ന് എൽദോ എബ്രഹാം എംഎൽഎ

July 27, 2019
Google News 0 minutes Read

കൈ ഒടിഞ്ഞെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് എൽദോ എബ്രഹാം എംഎൽഎ. വാർത്ത മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തത്. കൈക്ക് പരിക്കുണ്ടെന്നാണ് താൻ പറഞ്ഞതെന്നും എൽദോ എബ്രഹാം വ്യക്തമാക്കി. എൽദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പൊലീസ് കളക്ടർക്ക് കൈമാറിയ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രതികരണം.

പൊലീസിന്റെ റിപ്പോർട്ട് മുഖവിലയ്‌ക്കെടുക്കുന്നില്ല. പൊലീസിന് അത്തരത്തിൽ നിരവധി വ്യാഖ്യാനങ്ങൾ ഉണ്ടായേക്കാം. താൻ ആദ്യം സൂചിപ്പിച്ചതുപോലെ കൈക്ക് പരിക്കാണ് സംഭവിച്ചതെന്ന് ഇപ്പോഴും പറയുന്നു. കൈക്ക് പൊട്ടലുണ്ടെന്നാണ് മാധ്യമപ്രവർത്തകരോടും സുഹൃത്തുക്കളോടും പറഞ്ഞത്. കൈ ഒടിഞ്ഞു എന്നത് മാധ്യമങ്ങളിൽ വന്നതാണ്. കൈക്ക് പൊട്ടലുണ്ടെന്ന് ഡോക്ടർ പറഞ്ഞ കാര്യമാണ്. അതാണ് താൻ മാധ്യമങ്ങളോട് പറഞ്ഞതെന്നും എൽദോ എബ്രഹാം പറഞ്ഞു. വസ്തുതക്ക് നിരക്കാത്ത ഒരു കാര്യവും താൻ പറഞ്ഞിട്ടില്ല. സംശുദ്ധമായി പൊതുപ്രവർത്തനം നടത്തുന്ന ഒരാൾക്ക് വ്യാജമായ കാര്യം പറയേണ്ടതില്ല. പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുള്ള പൊലിസിന്റെ ബോധപൂർവമായ ശ്രമമായിട്ട് വേണം ഇതിനെ കാണാനെന്നും എൽദോ കൂട്ടിച്ചേർത്തു.

സിപിഐ മാർച്ചിനിടെ വലതു കൈ പൊലീസ് തല്ലിയൊടിച്ചെന്ന എൽദോ എബ്രഹാം എംഎൽഎയുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് പൊലീസ് കളക്ടർക്ക് കൈമാറിയത്. എംഎൽഎയുടെ കൈയുടെ എല്ലിന് ഏതെങ്കിലും തരത്തിൽ ഒടിവോ, പൊട്ടലോ ഇല്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. സംഘർഷത്തിലും പൊലീസ് ലാത്തിച്ചാർജിലും എംഎൽഎയുടെ ഇടതുകൈ ഒടിഞ്ഞെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ. തുടർന്ന് ഇടതു കൈ പ്ലാസ്റ്ററിട്ടുകൊണ്ടുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

പൊലീസ് ലാത്തിച്ചാർജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കളക്ടർ ഇന്നലെ എംഎൽഎ ജനപ്രതിനിധികൾ, സിപിഐ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നെല്ലാം മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണ റിപ്പോർട്ട് കളക്ടർ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം. പൊലീസ് ലാത്തിച്ചാർജിനെച്ചൊല്ലി സിപിഐയിലും ഭിന്നത തുടരുന്നതിനിടെയാണ് പുതിയ വിവാദങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here