Advertisement

ശബരിമലയില്‍ വ്യാപാരികള്‍ ദേവസ്വം ബോര്‍ഡിനു നല്‍കേണ്ട ലേലത്തുക ഒഴിവാക്കാന്‍ ലക്ഷങ്ങളുടെ പിരിവ്

July 27, 2019
Google News 1 minute Read

ശബരിമലയില്‍ വ്യാപാരികള്‍ ദേവസ്വം ബോര്‍ഡിനു നല്‍കേണ്ട കോടികളുടെ ലേലത്തുക ഒഴിവാക്കാന്‍ ലക്ഷങ്ങളുടെ പിരിവ്. ദേവസ്വം അധികാരികള്‍ക്കും ഭരണ നേതൃത്വത്തിനും നല്‍കാനെന്ന പേരില്‍ 40 ലക്ഷം രൂപയാണ് കടയുടമകളില്‍ നിന്നും പിരിച്ചത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തില്‍ മൂന്നു പേരുടെ നേതൃത്വത്തിലാണ് പിരിവ് നടന്നതെന്ന് കണ്ടെത്തി.

2018-19 സീസണില്‍ ശബരിമലയില്‍ കടകള്‍ ലേലത്തിനെടുത്ത കച്ചവടക്കാര്‍ ലേലത്തുകയുടെ പകുതി മാത്രമാണ ദേവസ്വം ബോര്‍ഡിനു നല്‍കിയിട്ടുള്ളത്. പ്രളയത്തെ തുടര്‍ന്ന് ഭക്തജനങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് വ്യാപാരത്തെ ബാധിച്ചതായിരുന്നു കാരണം. ആദ്യലേലത്തില്‍ പങ്കെടുത്തവരേക്കാള്‍ 40 ശതമാനം തുക കുറച്ചാണ് രണ്ടാമത്തെ ലേലം നടന്നത്. ഇവരും ബാക്കി പണമടയ്ക്കാന്‍ കൂട്ടാക്കിയില്ല. 16 കോടി രൂപയാണ് ഇതിലൂടെ ബോര്‍ഡിന് ലഭിക്കേണ്ടത്. ബോര്‍ഡിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് നാളികേരവും കടകളുടെ ലേലവും. വരുമാനത്തില്‍ വലിയതോതില്‍ കുറവുവന്ന ബോര്‍ഡ് ഈ തുക കൂടി പലഭിക്കാതെ വന്നതോടെ പ്രതിസന്ധിയിലായി.

പണമടയ്ക്കാന്‍ പലതവണ ദേവസ്വം ബോര്‍ഡ് എക്സിക്യുട്ടീവ് ഓഫീസര്‍ ആവശ്യപ്പെട്ടുവെങ്കിലും കടയുടമകള്‍ ഇതിനു തയാറായില്ല. ബോര്‍ഡിന്റെ നോട്ടീസ് ചോദ്യം ചെയ്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും ദേവസ്വം ബോര്‍ഡിനോട് തീരുമാനമെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ഇതോടെയാണ് ലേലതുകയില്‍ കുറവ് വരുത്താനായി പണപ്പിരിവ് തുടങ്ങിയത്. ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കും ഭരണ നേതൃത്വത്തിലുള്ളവര്‍ക്കും കോഴ നല്‍കിയാല്‍ ലേലതുക കുറച്ചു നല്‍കുമെന്നായിരുന്നു വാഗ്ദാനം. പരാതി ലഭിച്ചതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റ്ലിജന്‍സ് എ.ഡി.ജി.പിയോടെ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്റ്ലിജന്‍സിന്റെ പത്തനംതിട്ടയിലെ വിഭാഗത്തിനാണ അന്വേഷണ ചുമതല.

40 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ പിരിച്ചെടുത്തിട്ടുണ്ടെന്ന് ഇന്റ്ലിജന്‍സ് കണ്ടെത്തി. 15 ലക്ഷം രൂപ ദേവസ്വം ബോര്‍ഡ് ഉന്നതര്‍ക്ക് എന്ന പേരിലാണ് ശേഖരിച്ചത്. 25 ലക്ഷം രൂപയാണ് ഭരണ നേതൃത്വത്തിലുള്ളവര്‍ക്ക് നല്‍കാനെന്ന പേരില്‍ കടയുടമകളില്‍ നിന്നും ശേഖരിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. വിഷ്ണു, സുധീര്‍, ജയകുമാര്‍ എന്നിവരാണ പിരിവിനു നേതൃത്വം നല്‍കിയത. ഈ തുക തിരുവനന്തപുരം സ്വദേശി മണികണ്ഠനെ ഏല്‍പ്പിച്ചെന്നും അന്വേഷണത്തില്‍ വ്യകതമായി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ എ.ഡി.ജി.പിക്ക് സമര്‍പ്പിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here